കാസർകോട് : തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി പാർട്ടിയുടേതാണെന്നും സഭയുടെതല്ലെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. അനാവശ്യ വിവാദമാണ് ഉയർന്നുവരുന്നത്. സഭയ്ക്ക് പ്രത്യേക താത്‌പര്യങ്ങളില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇത്തരം വിവാദങ്ങൾ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ തന്നെ ഉയർത്തിക്കൊണ്ട് വരുന്നത് അങ്ങേയറ്റം അപലപനീയമാണ്. ജോ ജോസഫ് നല്ലൊരു ഡോക്‌ടറാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ സഭ തള്ളിപ്പറയുന്നതല്ല. ജോ ജോസഫ് സഭയുടെ വിശ്വാസിയാണ്. എന്നാൽ സഭ നിർത്തിയ സ്ഥാനാർഥി അല്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും പാംപ്ലാനി പറഞ്ഞു.
Also Read: എൽഡിഎഫ് സ്ഥാനാർഥി വിവാദം : പ്രതിപക്ഷം സഭയെ അധിക്ഷേപിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ
വിശ്വാസം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യമാണ്. അത് രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുത്. ഇതൊക്കെ രാഷ്ട്രീയ കക്ഷികളുടെ അവിവേകം മാത്രമായേ കണക്കാക്കാൻ കഴിയുകയുള്ളൂവെന്നും പാംപ്ലാനി വിമർശിച്ചു.
വാർത്താസമ്മേളനത്തിൽ പുരോഹിതർ പങ്കെടുത്തത് സഭയുടെ പ്രതിനിധികളായോ പുരോഹിതർ ആയോ അല്ല. സന്ദർഭത്തിൽ നിന്നാണ് ആ സാഹചര്യം ഉണ്ടായത്. തങ്ങളുടെ സഹപ്രവർത്തകരിൽ ഒരാൾക്ക് കിട്ടിയ അംഗീകാരത്തിന്‍റെ സന്തോഷത്തിൽ പങ്കെടുത്തതാണ്. തൃക്കാക്കരയിൽ വിശ്വാസികൾ മനഃസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യും.
പി.ടി തോമസുമായുള്ള വിയോജിപ്പ് വ്യക്തിപരം ആയിരുന്നില്ല. ഗാഡ്‌ഗിൽ-കസ്‌തൂരിരംഗൻ വിഷയത്തിൽ പൊതു സമൂഹത്തിന്‍റെ വികാരത്തെ പി.ടി തോമസ് മാനിച്ചില്ല. ആ എതിർപ്പ് അദ്ദേഹത്തിന്‍റെ ജീവിത പങ്കാളിയോട് കാണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.