കാസര്‍കോട്: തലപ്പാടി കെ.സി.റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയിലെ താമസക്കാരനുമായ ഇസ്‌മായിലിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ആയിഷ, അയല്‍വാസിയായ മുഹമ്മദ് ഹനീഫ എന്നിവരെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു ഇസ്‌മായിലിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇസ്‌മായിലിന്‍റെ കഴുത്തില്‍ കയര്‍ മുറുകിയ പാടുകള്‍ കണ്ടതോടെ ബന്ധുക്കളാണ് മരണത്തില്‍ സംശയം പ്രകടിപ്പിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഭാര്യയെ ചോദ്യം ചെയ്‌തിരുന്നു. തൂങ്ങി മരിച്ച നിലയില്‍ കണ്ടപ്പോള്‍ കെട്ടഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു ഭാര്യ പൊലീസില്‍ മൊഴി നല്‍കിയത്. അയല്‍വാസി മുഹമ്മദ് ഹനീഫയുടെ സഹായത്തോടെയാണ് മൃതദേഹം താഴെയിറക്കിയതെന്നും പറഞ്ഞു. ഇതോടെയാണ് പൊലീസ് കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങിയത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. കഴുത്തില്‍ കയര്‍ കുരുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇസ്‌മായിലിന്‍റെ മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു. ഇതും കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തി. ഭാര്യയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുന്നതായും ഇതിനാല്‍ 10,000 രൂപ ഹനീഫയ്ക്ക് നല്‍കി കൊല നടത്തുകയായിരുന്നുവെന്നും മൊഴി നല്‍കി. ഹനീഫയുടെ കൂട്ടാളികളായ മറ്റു രണ്ട് പേര്‍ കൂടി ചേര്‍ന്നാണ് കൊല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കൂട്ടുപ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.