മംഗളൂരു: കര്‍ണാടകയിലെ മംഗളൂരു സൂറത്ത്‌കല്‍ സ്വദേശിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെ കസ്റ്റഡിയിലായത് 21 പേർ. ഇവരെ ചോദ്യം ചെയ്‌തുവരികയാണെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. കേസില്‍, അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.
ഫാസിലിനോട് ആർക്കെങ്കിലും വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നോ എന്നതടക്കമുള്ള വിശദാംശങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. സംഭവം നടന്ന മംഗളൂരുവിലെ കടയുടെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫാസിലിന്‍റെ മൊബൈൽ ഫോൺ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ബി.ജെ.വൈ.എം (ബി.ജെ.പിയുടെ യുവജന വിഭാഗം) അംഗം പ്രവീൺ നെട്ടാരുവിന്‍റെയും ഫാസിലിന്‍റെയും കൊലപാതകങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
സമാധാന യോഗം ചേര്‍ന്നു: അന്വേഷണം, പ്രാഥമിക ഘട്ടത്തിലാണെന്നും ഇതുവരെ കേസുമായി ബന്ധപ്പെട്ട് പൂര്‍ണമായും വ്യക്തത ലഭിച്ചിട്ടില്ലെന്നും എ.ഡി.ജി.പി അലോക് കുമാർ പറഞ്ഞു. അതേസമയം, രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ 11ന് ജില്ല കലക്‌ടര്‍ ഡോ. കെ.വി രാജേന്ദ്രയുടെ നേതൃത്വത്തിൽ സമാധാന യോഗം ചേര്‍ന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും വിവിധ മത സാമുദായിക നേതാക്കളുടെയും സാന്നിധ്യത്തിലാണ് യോഗം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വിവിധ മത, സാമുദായിക നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തു.
മംഗളൂരുവിൽ തുണിക്കട നടത്തുകയായിരുന്ന സൂറത്ത്‌കൽ മംഗലപ്പെട്ട സ്വദേശി ഫാസിൽ ജൂലൈ 28 നാണ് കൊല്ലപ്പെട്ടത്. കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ പുറത്തുവിട്ട വിവരം.
ALSO READ| മംഗളൂരു കൊലപാതകം; കാസർകോടും കണ്ണൂരും ജാഗ്രത നിർദേശം, അതിര്‍ത്തികളില്‍ പരിശോധന ശക്തം