കാസർകോട് : മംഗളൂരുവിൽ മസ്‌ജിദിനുമേൽ ഹിന്ദുസംഘടനകൾ അവകാശവാദം ഉന്നയിച്ച സംഭവത്തിൽ മലാലി ബദരിയ ജുമാ മസ്‌ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചു. തർക്ക ഭൂമിയിൽ വർഷങ്ങളായി പള്ളി സ്ഥിതി ചെയ്യുന്നുവെന്നതിൽ കോടതിയിൽ തെളിവുകൾ ഹാജരാക്കുമെന്ന് കമ്മിറ്റി അറിയിച്ചു. കേസ് മംഗളൂരു ജില്ല സെഷൻസ് കോടതി ജൂൺ മൂന്നിന് പരിഗണിക്കും.
അതിനിടെ പള്ളി പുനർനിർമാണം നടന്ന സ്ഥലത്ത് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രത്യേക പൂജ നടത്തി. മസ്‌ജിദിന്‍റെ പുനർനിർമാണത്തിനിടെ ക്ഷേത്രത്തിലേതെന്ന് തോന്നിക്കുന്ന ചിത്രപ്പണിയുള്ള കല്ലുകൾ കണ്ടതായാണ് തീവ്ര ഹിന്ദു സംഘടനകളുടെ അവകാശവാദം.
മസ്‌ജിദിന്‍റെ പുനർനിർമാണത്തിനിടെ ജെസിബി ഓപ്പറേറ്റർ കുഴിയെടുത്തപ്പോഴാണ് കല്ലുകൾ കണ്ടത്. ഇതോടെ മസ്‌ജിദിന്‍റെ പുനർനിർമാണം നിർത്തിവച്ചിരുന്നു. മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
READ MORE: തര്‍ക്കം മംഗ്ലുരുവിലും: മസ്ജിദില്‍ അവകാശവാദവുമായി ഹിന്ദു സംഘടന
സംഭവത്തെ തുടർന്ന് വിഎച്ച്‌പിയും ബജറംഗ്‌ദളും ചേർന്ന് താംബൂല പ്രശ്‌നം സംഘടിപ്പിച്ചു. (തീരദേശ കർണാടകയിൽ, തലമുറകളുടെ ചരിത്രത്തെക്കുറിച്ച് അറിയാൻ പൂജാരിമാരെ സമീപിക്കുന്ന ആചാരമാണ് താംബൂല പ്രശ്‌നം). പുരാതന കാലത്ത്, ഈ സ്ഥലത്ത് ഒരു മഠത്തിന്‍റെ സാന്നിധ്യവും ശിവ സാന്നിധ്യവും ഉണ്ടായിരുന്നതായി താംബൂല പ്രശ്‌നത്തിൽ തെളിഞ്ഞുവെന്നാണ് തീവ്ര ഹിന്ദു സംഘടനകൾ അവകാശപ്പെടുന്നത്.
പിന്നീട് ഇത് നശിപ്പിക്കപ്പെട്ടുവെന്നും ഈ സ്ഥലത്തുണ്ടായിരുന്നവർ ഇവിടം വിട്ടുപോവുകയും മഠം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുകയുമായിരുന്നുവെന്നും പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ നഗരം അപകടത്തിലാകുമെന്നും താംബൂലപ്രശ്‌നത്തിൽ കണ്ടെന്നാണ് വിഎച്ച്പി അടക്കമുള്ള സംഘടനകളുടെ വാദം.