കാസർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയായ മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ മുങ്ങി. ഫാഷൻ ഗോൾഡ് ചെയർമാൻ എം സി ഖമറുദ്ദീൻ എംഎൽഎ അറസ്റ്റിലായതിന് പിന്നാലെയാണ് അറസ്റ്റ് ഭയന്ന് മാനേജിങ് ഡയറക്ടർ ഒളിവിൽ പോയത്. എം സി ഖമറുദ്ദീൻ എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സമയത്ത് തന്നെ മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് എത്താൻ ആവശ്യപ്പെട്ടിരുന്നു.
പൂക്കോയ തങ്ങളെയും എംഎൽഎയെയും ഒരുമിച്ച് ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ തീരുമാനം. എന്നാൽ എംഎൽഎയുടെ അറസ്റ്റ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ പൂക്കോയ തങ്ങൾ ഒളിവിൽ പോകുകയായിരുന്നുവെന്നാണ് വിവരം. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കും.
ജ്വല്ലറിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട കൂടുതൽ ഇടപാടുകൾ നടത്തിയത് എംഡി ആയ പൂക്കോയ തങ്ങൾ ആണ്. അതുകൊണ്ടുതന്നെ എംഎൽഎയെ മാത്രം അറസ്റ്റ് ചെയ്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനും സാധിക്കില്ല. പൂക്കോയ തങ്ങൾക്കായി അന്വേഷണ സംഘം തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അതെ സമയം എം സി ഖമറുദ്ദീന് എതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ചന്ദേര, കാസർകോട് പൊലീസ് സ്റ്റേഷനുകളാണ് കേസുകൾ. ഇതോടെ കേസുകളുടെ എണ്ണം 117 ആയി.