കാസർകോട്: അരുണാചൽ പ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ കാസർകോട്ടെ സൈനികനും. ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്‍റെ മകൻ കെ വി അശ്വിൻ(24) ആണ് മരിച്ചത്. സൈനിക ഉദ്യോഗസ്ഥർ വീട്ടിൽ വിളിച്ച് ദുരന്ത വിവരം അറിയിക്കുകയായിരുന്നു.
നാലുവർഷം മുമ്പാണ് ഇലക്‌ട്രോണിക് ആൻഡ് മെക്കാനിക്കൽ വിഭാഗം എഞ്ചിനീയറായി അശ്വിൻ ജോലിയില്‍ പ്രവേശിച്ചത്. നാട്ടിൽ അവധിക്ക് വന്ന അശ്വിൻ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. അശ്വിന്‍റെ ഭൗതിക ശരീരം നാളെ ജന്മനാട്ടിൽ എത്തിക്കുമെന്നാണ് സൂചന.
അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിൽ മിഗ്ഗിങ് പ്രദേശത്ത് ഇന്നലെ (ഒക്‌ടോബര്‍ 21) രാവിലെ 10.43 നായിരുന്നു അപകടം. കരസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ടുള്ള അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.