കാസര്‍കോട്: പോക്സോ കേസിൽ പ്രതിക്ക് മരണം വരെ ശിക്ഷ വിധിച്ച് കോടതി. പടുപ്പില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മദ്യവില്‍പ്പനശാല ജീവനക്കാരന്‍ രവീന്ദ്രനെ(45)യാണ് കോടതി ശിക്ഷിച്ചത്. 2018 സെപ്‌റ്റംബര്‍ ഒമ്പതിന് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി. പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പോക്‌സോ കേസില്‍ നിയമം ഭേദഗതി ചെയ്ത ശേഷമുള്ള ആദ്യത്തെ വിധിയാണ് ഇത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തില്‍ വധശിക്ഷ നല്‍കുമെന്നായിരുന്നു ഭേദഗതി വരുത്തിയത്.
പ്രതി ജീവിതാവസാനം വരെ തടവ് ശിക്ഷ അനുഭവിക്കണമെന്നാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. ഇതുകൂടാതെ 25,000 രൂപ പിഴയടക്കാനും ജഡ്‌ജി പി.എസ് ശശികുമാര്‍ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്‌കോഡ് (എസ്.എം.എസ്) ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായകാണ് കേസന്വേഷിച്ചത്. കേസില്‍ 23 രേഖകള്‍ ഹാജരാക്കുകയും 22 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.