കാസർകോട്: ഡിസിസി പ്രസിഡൻ്റ് ഹക്കിം കുന്നിലിനെതിരെ എഐസിസി ജനറൽ സെക്രട്ടറിക്ക് കത്തയച്ച സംഭവം അന്വേഷിക്കാൻ കെപിസിസി നിർദേശം. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസി ജനറൽ സെക്രട്ടറിമാരായ സജി ജോസഫിനെയും സോണി സെബാസ്റ്റ്യനെയും ചുമതലപ്പെടുത്തി. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഹക്കിം കുന്നിലിനെതിരായി നേതാക്കൾ കത്തയച്ചത് വാർത്തയായ സാഹചര്യത്തിലാണ് നേതൃത്വത്തിൻ്റെ നടപടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ നിറം മങ്ങിയതിന് പിന്നാലെ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും ഹക്കിം കുന്നിലിനെ മാറ്റണം എന്നാവശ്യപ്പെട്ട് ജില്ലയിൽ നിന്നുള്ള കെപിസിസി സെക്രട്ടറിമാർ ആണ് ഗ്രൂപ്പ് വ്യത്യാസം ഇല്ലാതെ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കത്തയച്ചത്. ജില്ലയിൽ സംഘടന അടിത്തറ ശക്തമാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് വരെ സിപിഎമ്മിനും ലീഗിനും പിന്നിൽ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കും പുറകിൽ പോയെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ഡിസിസി പ്രസിഡന്‍റിന്‍റെ പക്വതയില്ലാത്ത സമീപനവും നേതൃ ഗുണമില്ലായ്‌മയുമാണ് ഇതിന് കാരണമെന്നും എത്രയും വേഗം പുതിയ അധ്യക്ഷനെ കണ്ടെത്തി ഇതിന് പരിഹാരം കാണണം എന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.