കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷം കാസര്‍കോട് അജാനൂരിലെ രണ്ടാം വാര്‍ഡില്‍. ആകെ 1831 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 1254 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടത് സ്ഥാനാര്‍ഥി കെ.സബീഷിന്‍റെ വിജയം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായ സബീഷ് പഞ്ചായത്ത് ഉപാധ്യക്ഷനായേക്കും.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയിച്ച സ്ഥാനാര്‍ഥികളും മുന്നണികളും ആഘോഷ പരിപാടികള്‍ നടത്തിയെങ്കിലും ഭൂരിപക്ഷത്തിന്‍റെ കണക്കുകള്‍ നോക്കുമ്പോഴാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന സമിതിയംഗവുമായ സബീഷിന്‍റെ വിജയം ശ്രദ്ധിക്കപ്പെടുന്നത്. സംഘാടന മികവു കൊണ്ടും വിദ്യാര്‍ഥി രാഷ്ട്രീയ കാലഘട്ടം മുതലുള്ള പൊതുപ്രവര്‍ത്തന പരിചയവും കൈമുതലാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട സബീഷിനെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്‍റെ തെളിവായി മാറുന്നു ഭൂരിപക്ഷം. വാര്‍ഡ് തല കണക്കെടുപ്പിലാണ് സംസ്ഥാനത്തെ ഉയര്‍ന്ന ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ഥിയാണ് സബീഷ് എന്ന് വ്യക്തമായത്. അപ്രതീക്ഷിതമായിട്ടായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നത്. പ്രദേശവാസികള്‍ക്കെല്ലാം സുപരിചിതനായിരുന്ന സബീഷിന് വിജയം ഉറപ്പായിരുന്നുവെങ്കിലും ഇത്രയും വലിയ ഭൂരിപക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിച്ചതേയില്ല. തന്‍റെ വിജയത്തിന്‍റെ ക്രെഡിറ്റ് വോട്ടര്‍മാര്‍ക്കും ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുകയാണ് സബീഷ്.
സബീഷിന്‍റെ അടക്കം അജാനൂര്‍ പഞ്ചായത്തിലെ 10 വാര്‍ഡുകളാണ് ഇടതു മുന്നണി നേടിയത്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണത്തില്‍ എത്തുമ്പോള്‍ പ്രസിഡന്‍റ് പദവി വനിതാ സംവരണമായതിനാല്‍ വൈസ് പ്രസിഡന്‍റ് ആയി കെ. സബീഷിനെ കാണാനാവും എന്ന വിശ്വാസത്തിലാണ് നാട്ടുകാരും പ്രവര്‍ത്തകരും.