കാസര്‍കോട്: അടുക്കത്ത് ബയലില്‍ അപകടത്തില്‍പ്പെട്ട ടാങ്കര്‍ലോറിയിലെ പാചകവാതകം മാറ്റുന്ന പ്രക്രിയ പുരോഗമിക്കുന്നു. മംഗളൂരുവില്‍ നിന്നും ബി.പി.സി.എല്ലിലെ സാങ്കേതിക വിദഗ്‌ധരെത്തിയാണ് മറ്റു ടാങ്കറുകളിലേക്ക് പാചക വാതകം മാറ്റുന്നത്. അപകടത്തില്‍പ്പെട്ട ടാങ്കര്‍ സ്ഥലത്ത് നിന്നു നീക്കിയാല്‍ മാത്രമേ ദേശീയപാത വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുകയുള്ളൂ.
പുലര്‍ച്ചെ ഒന്നരക്കാണ് നാടിനെ ഞെട്ടിച്ച അപകടം നടക്കുന്നത്. മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പാചക വാതകവുമായി പോയ ഭാരത് പെട്രോളിയത്തിന്‍റെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ കാസര്‍കോട് നഗരത്തിനടുത്ത വളവില്‍ വെച്ച് ലോറിയുടെ കാബിനില്‍ നിന്നും ടാങ്കര്‍ വിട്ടുമാറിയതിനെ തുടര്‍ന്ന് സേഫ്റ്റി വാൽവ് പൊട്ടുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം കോര്‍ക്കും എം.സീലും ഉപയോഗിച്ച് വാതകച്ചോര്‍ച്ച നിയന്ത്രണ വിധേയമാക്കി.
സമയോചിതമായ ഇടപെടലിലൂടെ വലിയ ദുരന്തമാണ് വഴിമാറിയത്. മംഗലാപുരത്ത് നിന്നും ബി.പി.സി.എല്ലിന്‍റെ സാങ്കേതിക വിദഗ്‌ധരെത്തിയാണ് അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്നും വാതകം മാറ്റാന്‍ തുടങ്ങിയത്. മൂന്ന് ടാങ്കറുകളിലേക്കാണ് വാതകം മാറ്റുക. അപകടത്തിന് പിന്നാലെ പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.