കാസർകോട്: ലീഗുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് എല്‍.ഡി.എഫ് ശങ്കർ റൈയെ സ്ഥാനാർഥിയാക്കിയതെന്ന് ബി.ജെ.പി. ഭാഷാ ന്യൂനപക്ഷങ്ങളിൽ നിന്നുള്ളയാളെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കി രംഗത്തിറക്കി ബി.ജെ.പിയുടെ വിജയ സാധ്യത കുറക്കുകയാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നതെന്നും ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് ആരോപിച്ചു. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ബി.ജെ.പി ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് ജില്ലാ പ്രസിഡന്റ് ശ്രീകാന്തിന്റെ ആരോപണം.
ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ നിന്നും എം ശങ്കർ റൈയെ എല്‍.ഡി.എഫ് കളത്തിലിറക്കിയതോടെ ഉപതെരഞ്ഞെടുപ്പിൽ കരുതലോടെയാകും ബി.ജെ.പിയുടെ നീക്കം. ലീഗ് -എൽ.ഡി.എഫ് ധാരണയെന്ന പ്രസ്‌താവന തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചരണായുധമാക്കാനും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. ഇതിന് മറുമരുന്നായി കർണാടകയിൽ നിന്നുള്ള നേതാക്കളെ കൂട്ടത്തോടെ പ്രചരണത്തിനിറക്കുമെന്നാണ് സൂചന. അതേസമയം മുസ്ലിം ലീഗിലെ സ്ഥാനാർഥി നിർണയത്തിൽ ഉയർന്നുവന്ന പ്രാദേശിക വാദം ഒരു വിഭാഗം യു.ഡി.എഫ് വോട്ടുകൾ പ്രാദേശിക തലത്തിൽ നിന്നുള്ള ശങ്കർ റൈ സ്ഥാനാർഥിയായതിലൂടെ അനുകൂലമാകുമെന്നുമാണ് എല്‍.ഡിഎഫിന്‍റെ വിലയിരുത്തൽ.