കാസര്‍കോട്: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച കൊങ്കണ്‍ പാതയില്‍ പുതിയ പാളത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു. വെള്ളിയാഴ്ചയോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വെ. കുലശേഖരക്കും പടീലിനുമിടയില്‍ 500 മീറ്റര്‍ നീളത്തിലാണ് പുതിയ പാളം നിര്‍മിക്കുന്നത്. പാളം നിര്‍മിക്കുന്ന ഭാഗത്തെ ചെളി കഴിഞ്ഞ ദിവസം രാത്രിയോടെ നീക്കം ചെയ്തിരുന്നു. പുതിയ പാളത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായാല്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി വെള്ളിയാഴ്ച മുതല്‍ കൊങ്കണ്‍ വഴിയുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതലാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്. പുതിയ പാളം പൂര്‍ത്തിയാകുന്നതോടെ കുലശേഖരക്കും പടീലിനുമിടയിലെ സിംഗിള്‍ ട്രാക്കിന്‍റെ പരിമിതി കൂടി അവസാനിക്കും. അതേസമയം കൊങ്കണ്‍ വഴിയുളള ഗതാഗതം നിരോധിച്ചത് മലബാറിലെ യാത്രക്കാരെയാണ് ഏറെ ബാധിച്ചത്. ഓണാവധിക്കും മറ്റും നാട്ടിലെത്താന്‍ തയ്യാറെടുക്കുന്നവര്‍ക്ക് നിലവില്‍ ഇതുവഴി ടിക്കറ്റ് റിസര്‍വേഷന്‍ ലഭിക്കാത്ത സാഹചര്യമാണ്. പാത ഗതാഗതയോഗ്യമായാല്‍ മാത്രമേ ഇതുവഴിയുള്ള റിസര്‍വേഷന്‍ പുനരാരംഭിക്കുകയുള്ളൂ.