കാസർകോട്: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി സത്യസന്ധമായ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ഉരുണ്ടു കളിക്കുകയാണ്. കേരളത്തിൻ്റെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്. നിലപാടിൽ മാറ്റമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ അഴകൊഴമ്പന്‍ നിലപാടാണുള്ളതെന്നും കെ സുരേന്ദ്രന്‍ വിമർശിച്ചു.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായി കേസെടുക്കുന്ന നിലപാട് അവസാനിപ്പിക്കുന്നതാണ് സംസ്ഥാനത്തിന് നല്ലത്. ഈ നീക്കം കേട്ടു കേള്‍വിയില്ലാത്തതാണ്. സത്യം തെളിയുമെന്ന വേവലാതിയിലാണ് മുഖ്യമന്ത്രി. ഒന്നും ഒളിപ്പിച്ചു വെക്കാനില്ലെങ്കില്‍ എന്തിനാണ് ഇഡിക്കെതിരെ കേസെടുക്കുന്നത്. കോടികളുടെ അഴിമതിയും തട്ടിപ്പും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുമോ എന്ന വേവലാതിയാണ് മുഖ്യമന്ത്രിക്ക്. ദുഷ്‌ട ജന സമ്പര്‍ക്കം കൂടിയത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് ഇ ശ്രീധരനോട് കലി വരുന്നതെന്നും കെ സുരേന്ദ്രന്‍ വിമർശിച്ചു.
മുഖ്യമന്ത്രിക്കെതിരെ അപ്രധാന സ്ഥാനാർഥിയെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. സിപിഎമ്മിൻ്റെ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് ത്രാണിയില്ലെന്നതിൻ്റെ തെളിവാണ് ധര്‍മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എന്തുകൊണ്ടാണ് ശക്തനായൊരു സ്ഥാനാർഥിയെ ധര്‍മ്മടത്ത് രംഗത്തിറക്കാത്തത്. ധര്‍മ്മടത്തെ കോണ്‍ഗ്രസ് സ്ഥാനാർഥി ആരാണെന്ന് പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കണം. എന്തുകൊണ്ട് കരുത്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ യുഡിഎഫിന് സാധിക്കുന്നില്ല. പ്രതിപക്ഷം എന്ന നിലയില്‍ യുഡിഎഫ് പരാജയപ്പെട്ടുവെന്നും നിര്‍ഗുണ പരബ്രഹ്മമാണ് യുഡിഎഫ് എന്നും ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍ പരിഹസിച്ചു.