കാസർകോട് : ഡീസൽ ക്ഷാമം രൂക്ഷമായതിന് പിന്നാലെ കാസർകോട് കെഎസ്ആർടിസി ഡിപ്പോയിൽ സർവീസുകൾ മുടങ്ങി. മലയോര മേഖലയിലേക്കും അന്തർ സംസ്ഥാന റൂട്ടുകളിലേക്കുമുള്ള സർവീസുകളാണ് പൂർണമായി മുടങ്ങിയത്. സുള്ള്യ-പുത്തൂർ അന്തർ സംസ്ഥാന റൂട്ടിലേക്ക് ബസുകളൊന്നും ഓടിയില്ല.
കെഎസ്ആർടിസിയെ ഏറെ ആശ്രയിക്കുന്ന മലയോര മേഖലയിലേക്കുള്ള മുഴുവൻ സർവീസുകളും മുടങ്ങിയതോടെ ജനങ്ങൾ ദുരിതത്തിലായി. മംഗളൂരു, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള നിരവധി സർവീസുകളും മുടങ്ങി. കുടിശ്ശിക തീർക്കാത്തതിനാൽ സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.
67 സർവീസുകൾക്കായി ഏഴായിരം ലിറ്ററോളം ഡീസലാണ് പ്രതിദിനം കാസർകോട് ഡിപ്പോയിൽ ആവശ്യമായി വരുന്നത്. എന്നാൽ ഒരു ലിറ്റർ ഡീസൽപോലും ഡിപ്പോയിൽ ലഭ്യമല്ല. കാസർകോട് മാത്രം സ്വകാര്യ പമ്പുകൾക്ക് നാൽപത് ലക്ഷത്തിലധികം രൂപ കെഎസ്ആർടിസി കുടിശ്ശിക വരുത്തിയെന്നാണ് സൂചന.
Also read: കെഎസ്‌ആർടിസി ഇലക്‌ട്രിക് ബസ്: നിലവിലുള്ള ജീവനക്കാരുടെ ജോലി നഷ്‌ടമാകില്ലെന്ന് ആന്‍റണി രാജു
ഡീസൽ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. നേരത്തെയും ഡീസൽ ക്ഷാമത്തെ തുടർന്ന് സർവീസുകൾ മുടങ്ങിയിരുന്നു.