കാസർകോട്: കിഫ്ബിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള നിർമിതി പ്രദർശനം കാസർകോട് ആരംഭിച്ചു. അടിസ്ഥാന സൗകര്യ വികസനത്തില്‍ ചരിത്രപരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ വിവിധ പദ്ധതികളെ കുറിച്ച് അടുത്തറിയാനും വിലയിരുത്താനും കേരള നിര്‍മിതിയിലൂടെ പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുരോഗമിക്കുന്നതും കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നതുമായ പദ്ധതികളുടെ വികസന പ്രദര്‍ശനങ്ങളും ബോധവത്കരണ പരിപാടികളും കൊണ്ട് സമ്പന്നമാണ് കേരള നിര്‍മിതി കാസര്‍കോടന്‍ പതിപ്പ്. കാസര്‍കോട് കിഫ്ബി നടത്തുന്ന പ്രധാന പദ്ധതികളുടെയെല്ലാം ത്രിമാന രൂപങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ക്യാത്ത് ലാബുകള്‍, ഡയാലിസിസ് സെന്‍ററുകൾ, ആശുപത്രികള്‍, കോസ്റ്റല്‍ ഹൈവേകള്‍, മലയോര ഹൈവേകള്‍ ഇവയെല്ലാം അടയാളപ്പെടുത്തിയ കേരളത്തിന്റെ മാതൃകയും ശ്രദ്ധേയമാണ്.
മേളയില്‍ സര്‍ക്കാര്‍ വികസന പദ്ധതികളുടെ വിവിധ ദൃശ്യരൂപങ്ങള്‍, ത്രിമാന മാതൃകകള്‍, വെര്‍ച്വല്‍ റിയാലിറ്റി, വീഡിയോകള്‍, അനിമേഷന്‍, ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലുകള്‍ എന്നിവ വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. കാസര്‍കോടിന്‍റെ സമഗ്ര വികസനം സാധ്യമാക്കാനുതകുന്ന നിരവധി പദ്ധതികളാണ് കിഫ്ബി മുന്നോട്ടുവയ്ക്കുന്നത്. നിലവില്‍ 2800 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചിരിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ 3000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ജില്ലയില്‍ യാഥാര്‍ത്ഥ്യമാകും. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ കാസര്‍കോടിന്‍റെ സാമൂഹ്യ - സാംസ്‌കാരിക - വിദ്യാഭ്യാസ മേഖലയുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കിഫ്ബിയിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.