കാസർകോട് : തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ പ്രചാരണ പോര് മുറുക്കാൻ ഒരുങ്ങുകയാണ് പാര്‍ട്ടികളും മുന്നണികളും. കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പായതിനാല്‍ ആള്‍ക്കൂട്ട പ്രചാരണങ്ങള്‍ക്കപ്പുറം സമൂഹമാധ്യമങ്ങളുള്‍പ്പെടെ കൂട്ടുപിടിക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ മുന്‍കൂട്ടി കണ്ട് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ പോസ്റ്റര്‍ പ്രചാരണങ്ങളും തുടങ്ങിയിരുന്നു.
കാസർകോട് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം. 17 അംഗ ഭരണസമിതിയില്‍ കേവല ഭൂരിപക്ഷമില്ലാതെയാണ് യുഡിഎഫ് ഭരണം. എട്ട് അംഗങ്ങളാണ് യുഡിഎഫിനുള്ളത്. എല്‍ഡിഎഫ് ഏഴ്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. വലിയ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ കൈവിട്ട ജില്ലാ പഞ്ചായത്ത് തിരിച്ചു പിടിക്കാനായി ശക്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ എല്‍ഡിഎഫും ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും രംഗത്തുണ്ട്. ഇത്തവണ പ്രസിഡന്‍റെ സ്ഥാനം വനിത സംവരണമാണ്.
പഞ്ചായത്ത് വാര്‍ഡുകളുടെ കണക്കില്‍ ഇടതു വലതു മുന്നണികള്‍ ജില്ലയില്‍ ഒപ്പത്തിനൊപ്പമെന്ന് പറയേണ്ടി വരും. 38 പഞ്ചായത്തുകളിലെ 664 വാര്‍ഡുകളില്‍ ഇടതുമുന്നണിക്ക് 269 വാര്‍ഡുകളും യുഡിഎഫിന് 264 വാര്‍ഡുകളുമുണ്ട്. ബിജെപി 109 വാര്‍ഡുകളിലും കോണ്‍ഗ്രസ് വിമത വിഭാഗമായ ഡിഡിഎഫിന് 12 വാര്‍ഡുകളുമുണ്ട്. ഈസ്റ്റ് ഏളേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതരായ ജനാധിപത്യമുന്നണി ഒറ്റക്കാണ് ഭരിക്കുന്നത്. 19 ഇടത്ത് യുഡിഎഫും 16 ഇടത്ത് എല്‍ഡിഎഫിനുമാണ് നിലവിലെ ഭരണമുള്ളത്. രണ്ട് പഞ്ചായത്തുകളില്‍ ബിജെപിക്കാണ് ഭരണം. കഴിഞ്ഞ തവണ നേരിയ സീറ്റുകള്‍ക്ക് ഭരണ നഷ്‌ടമുണ്ടായ കുറ്റിക്കോല്‍, ഉദുമ, മുളിയാര്‍ പഞ്ചായത്തുകളില്‍ തിരിച്ചുവരവിന് ഇടതുമുന്നണി ശ്രമിക്കുമ്പോള്‍ അജാനൂര്‍, പുല്ലൂര്‍ പെരിയ, വലിയ പറമ്പ് പഞ്ചായത്തുകളിലാണ് യുഡിഎഫിന്റെ ലക്ഷ്യം. ഇടതു വലതുമുന്നണികള്‍ ചേര്‍ന്ന് അവിശ്വാസത്തിലൂടെ പുറത്താക്കിയ എണ്‍മകജെ, കാറഡുക്ക പഞ്ചായത്തുകളില്‍ വ്യക്തമായ ആധിപത്യം നേടാനുള്ള ശ്രമത്തിലാണ് ബിജെപി.
മൂന്ന് നഗരസഭകളില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫിനുമാണ് ഭരണമുള്ളത്. യുഡിഎഫ് കോട്ടയായ കാസര്‍കോടിനെക്കുറിച്ച് മുന്നണിക്ക് ആശങ്കയില്ലെങ്കിലും കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട കാഞ്ഞങ്ങാട് നഗരഭരണം പിടിച്ചെടുക്കുക കടമ്പയാണ്. ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ കാസര്‍കോടും മഞ്ചേശ്വരത്തും മാത്രമാണ് കഴിഞ്ഞ തവണ വലതുമുന്നണിക്ക് ഭരണം ലഭിച്ചത്. മുന്‍ തെരഞ്ഞെടുപ്പില്‍ കൈവിട്ട പരപ്പ ബ്ലോക്ക് തിരിച്ചു പിടിക്കാന്‍ ആകുമെന്ന പ്രതീക്ഷ വലതുമുന്നണിക്കുണ്ട്. അതേ സമയം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ മുന്നണി പ്രവേശനം പരപ്പയില്‍ ഗുണം ചെയ്യുമെന്ന വിശ്വാസമാണ് ഇടതുമുന്നണിക്കുള്ളത്.