കാസര്‍കോട്: തലപ്പാടിയിൽ കേരള- കർണാടക അതിർത്തി തർക്കം രൂക്ഷം. അതിര്‍ത്തിയില്‍ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനുള്ള കേരള പൊലീസിന്‍റെ ശ്രമം കർണാടകം തടഞ്ഞു. തർക്കം പരിഹരിക്കാനായി റവന്യു ഉദ്യോഗസ്ഥർ പിന്നീട് സംയുക്ത സർവേ നടത്തി. തുടര്‍ന്ന് കേരള പൊലീസ് സ്ഥാപിച്ച പരിശോധനാ കേന്ദ്രം അതേ സ്ഥലത്ത് തന്നെ തുടരാൻ ചർച്ചയിൽ ധാരണയായി.
തലപ്പാടി അതിർത്തി കടന്ന് സംസ്ഥാനത്തേക്ക് ആളുകൾ എത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് അതിർത്തിയിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ പൊലീസ് തീരുമാനിച്ചത്. എന്നാൽ അതിർത്തി കടന്നാണ് കേരള പൊലീസ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചത് എന്ന വാദവുമായി കർണാടകയുമെത്തി. ഇതേ തുടർന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത സർവേ നടത്താൻ തീരുമാനിച്ചത്. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. ആഭ്യന്തരവകുപ്പിന്‍റെ നിർദേശത്തെ തുടർന്നാണ് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിരുന്നത്.