കാസർകോട് : ആലപ്പുഴയിലെ കൊലപാതകങ്ങളിൽ നടുക്കവും നാണക്കേടും രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം ആര് കയ്യിലെടുക്കാൻ ശ്രമിച്ചാലും അത് ജനാധിപത്യത്തിന് ഭൂഷണമല്ല. ആധുനിക സംസ്‌കാരത്തിന് ചേരുന്നതല്ല കൊലപാതകം. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാവരുത്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഓരോ പൗരനും വിശ്വാസം ഉണ്ടാകണം. രാജ്യത്ത് ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനത്താണ് ഇങ്ങനെ നടക്കുന്നത് എന്നത് ദുഖിപ്പിക്കുന്നതാണ്. പരിഷ്‌കൃത സമൂഹത്തിന് ചേർന്ന പെരുമാറ്റമാണ് ഉണ്ടാകേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് കുറച്ചുസമയം കൊടുക്കണം. അനാവശ്യ നിഗമനങ്ങളിൽ എത്തരുത്.
ആദ്യ കൊലപാതകത്തിനുശേഷം പൊലീസിന് ഏതെങ്കിലും തരത്തിൽ വീഴ്‌ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കപ്പെടണം. സാധാരണക്കാർക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്‌ടപ്പെടാൻ ഇടയാകരുത്. അത് പുനസ്ഥാപിക്കാൻ ഇടപെടലുകൾ നടത്തണം. ആഭ്യന്തര വകുപ്പിന്‍റെ ഭാഗത്തുനിന്നുള്ള റിപ്പോർട്ട് ലഭിച്ചിട്ട് കൂടുതൽ പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു.