കാസർകോട്: കാസർകോട് ഗവൺമെന്‍റ് കോളജിൽ (Kasaragod Government College) പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ കോളജ് അധികൃതരുടെ പരാതിയിൽ വിദ്യാർഥിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ (Non Bailable) പ്രകാരം കേസ് (Case against Student). രണ്ടാംവർഷ ബിരുദ വിദ്യാർഥി മുഹമ്മദ് സാബിർ സൗദിനെതിരെയാണ് കാസർകോട് വനിത പൊലീസ് കേസെടുത്തത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം എന്നി വകുപ്പ് കൂടി ചേർത്തിട്ടുണ്ട്.
ഒക്ടോബർ 18 നായിരുന്നു കേസിനാസ്‌പദമായ സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർഥിയെക്കൊണ്ട് പ്രിൻസിപ്പൽ ഇൻ ചാർജായ എം രമ മൂന്ന് തവണ കാല് പിടിപ്പിച്ചുവെന്ന് എംഎസ്എഫ് ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച ഫോട്ടോയും പുറത്തു വിട്ടിരുന്നു.
എന്നാല്‍ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് ചോദ്യം ചെയ്‌തപ്പോൾ വിദ്യാർഥി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പ്രിൻസിപ്പൽ ഡോ. എം രമ വിശദീകരണം നല്‍കിയത്. ഈ പ്രശ്‌നം പരിഹരിക്കാൻ വിദ്യാർഥി തന്നെ വിളിച്ചിരുന്നുവെന്നും വിദ്യാർഥി സ്വമേധയ കാല്‍ പിടിക്കുകയായിരുന്നുവെന്നും രമ വിശദീകരിച്ചിരുന്നു.
സംഭവത്തിൽ വിദ്യാർഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോളേജ് അധികൃതരുടെ പരാതിയിൽ വിദ്യാർഥിക്കെതിരെ കേസ് എടുത്തത്.
Read more: 'വിദ്യാർഥിയെ കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചു' ; കാസർകോട് ഗവ.കോളജ് പ്രിൻസിപ്പലിനെതിരെ പരാതി