കാസര്‍കോഡ്: നഗരത്തിലെത്തുന്ന ആരും ഇനി ഭക്ഷണം കിട്ടാതെ വിഷമിക്കില്ല. ഏത് നേരവും ഭക്ഷണവുമായി കാസര്‍കോഡ് പോലീസുണ്ട്. കാസർകോഡ് പൊലീസിന്‍റെ അക്ഷയപാത്രം പദ്ധതിയാണ് വിശക്കുന്നവർക്ക് തുണയാകുന്നത്. ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഫുഡ്‌ച്ചില്ലറിലാണ് ഭക്ഷണം സൂക്ഷിക്കുന്നത്.കണ്ണൂർ, വടകര എന്നിവിടങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് പൊലീസ് കാസർകോഡ് ആവിഷ്കരിച്ചിട്ടുള്ളത്. ഭക്ഷണ പദാർഥങ്ങളും പഴവർഗങ്ങളുമാണ് അക്ഷയപാത്രത്തിൽ ലഭിക്കുക. സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് അക്ഷയപാത്രത്തിലേക്ക് ഭക്ഷണമെത്തിക്കുന്നത്.
പണമില്ലാത്തതിനാല്‍ വിശന്നിരിക്കേണ്ടി വരുന്നവർക്കായാണ് പദ്ധതി. എന്നാല്‍ അക്ഷയപാത്രത്തിലേക്ക് എത്തുന്ന മദ്യപരെ നിയന്ത്രിക്കും. സ്ഥിരമായി അക്ഷയപാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ വരുന്നവരുണ്ടെങ്കില്‍ അവരുടെ പ്രശ്നങ്ങൾ അന്വേഷിച്ചറിഞ്ഞ് ക്ഷേമം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ഭക്ഷണത്തിനൊപ്പം വസ്ത്രവും അക്ഷയപാത്രത്തിലൂടെ ലഭിക്കും. പദ്ധതി ദുരുപയോഗം ചെയ്യുന്നവര്‍ സി.സി.ടി.വി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും പൊലീസ് അറിയിച്ചു. സന്നദ്ധ സംഘടനയും ഒരു സ്ഥാപനവുമാണ് പൊലീസിന്‍റെ പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയത്.