കാസർകോട്: വീട്ടിൽ നിന്നു കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്‍റെ മകള്‍ ശ്രീലക്ഷ്മി നാരായണന്‍റെ(26) മൃതദേഹമാണ് വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കൊട്ടോടി പുഴയുമായി ചേരുന്ന ചാലിങ്കൽ തോട്ടിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് വീട്ടിൽ നിന്നും കാണാതായത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും പരിസരത്തെ വീടുകളിലും പിന്നീട് സമീപത്തെ പൈനിക്കര തോട്ടിലും തിരച്ചില്‍ നടത്തിയിരുന്നു. പിതാവ് രാജപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഞായറാഴ്ച നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാജപുരം സർക്കിൾ ഇൻസ്പെക്ടർ രഞ്ചിത്ത് രവീന്ദ്രന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും. ഗുജറാത്തില്‍ അഗ്രികൾച്ചറൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ശ്രീലക്ഷ്മി. ലോക് ഡൗണിന് മുമ്പാണ് നാട്ടിലെത്തിയത്.