കാസർകോട്: കാസർകോട് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. തിങ്കളാഴ്‌ച 19 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 38 ആയി. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. കൂടുതൽ രോഗ ബാധിതരും ഗൾഫ് രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ 19 പേർ ദുബൈയിൽ നിന്നാണ് എത്തിയത്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പരിശോധനാ ഫലങ്ങൾ ഇനിയും വരാനുണ്ട്. ജില്ലയിൽ ഞായറാഴ്‌ചയോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
ചിത്താരി - 2, നെല്ലിക്കുന്ന് -1, ബാരെ - 3, ബേക്കൽ -1, കളനാട് -3, കുഡ്‌ലു -1, കാസർകോട് -2, ആലാമിപ്പള്ളി -1, ഉദുമ -2, മല്ലം -1, പൂച്ചക്കാട് -1, കൊമ്പൻപാറ -1 എന്നിവർക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ കൂടുതൽ പേരും ഗൾഫ് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പരിശോധന ഫലങ്ങൾ മുഴുവനായി വന്നിട്ടില്ല. അതെസമയം എരിയാൽ സ്വദേശിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന എൻ.എ നെല്ലിക്കുന്ന് എംഎൽഎ യുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. എങ്കിലും എംഎൽഎ നിരീക്ഷണ കാലയളവ് പൂർത്തിയാക്കണം.
886 പേരാണ് ജില്ലയിൽ ഇതുവരെ നിരീക്ഷണത്തിൽ ഉള്ളത്. 61 പേർ ആശുപത്രിയിലും 825 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് 81 പേരുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. രോഗിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 56 പേരെ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.