കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വടിവാളും മൂന്ന് ഇരുമ്പു ദണ്ഡുകളുമാണ് തെളിവെടുപ്പില്‍ കണ്ടെത്തിയത്. ആയുധങ്ങള്‍ പ്രതിയായ പീതാംബരന്‍ തിരിച്ചറിഞ്ഞു. പീതാംബരനെ കല്ല്യോട്ട് എത്തിച്ചാണ് തെളിവെടുത്തത്.
ഇരട്ടക്കൊല നേരിട്ട് നടപ്പാക്കിയതാണെന്ന് പീതാംബരന്‍ മൊഴി നല്‍കി. കൃപേഷിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തിയെന്നും, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് പീതാംബരന്‍ പൊലീസിന് നല്‍കിയ മൊഴി. അതേസമയം, ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് അറസ്റ്റിലായ പീതാംബരന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. പാർട്ടി പറയാതെ പീതാംബരൻ കൊല ചെയ്യില്ലെന്നാണ് ഭാര്യ മഞ്ജു പറഞ്ഞത്.
ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാവായ എ. പീതാംബരനടക്കം ആറു പേർ പൊലീസ് കസ്റ്റഡിയിലാണ്. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ച് നിൽക്കുകയാണ്. എന്നാല്‍, പൊലീസ് മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.