കാസർകോട് : തെയ്യങ്ങൾ ഉറഞ്ഞാടിയ ഒരു കളിയാട്ടക്കാലം കൂടി അരങ്ങൊഴിഞ്ഞു. ഗ്രാമങ്ങളിൽ അനുഗ്രഹം ചൊരിഞ്ഞ്, കൂട്ടായ്‌മയുടെ പ്രധാന്യം വിളിച്ചോതി നാടിന് വെളിച്ചമേകുന്ന തെയ്യങ്ങൾ അണിയറയിലേക്ക് മടങ്ങി. കാസർകോട് നീലേശ്വരം മന്ദംപുറത്ത് കാവിലെ കലശോത്സവത്തോടെയാണ്, ആറ് മാസം നീണ്ട ഉത്തരമലബാറിലെ തെയ്യാട്ടക്കാലത്തിന് സമാപനമായത്.
തുലാം പത്തിന് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവില്‍ നിന്ന് തുടങ്ങി നീലേശ്വരം മന്ദന്‍പുറത്ത് കാവിലെ കലശമെഴുന്നള്ളത്ത് വരെയാണ് ഉത്തര മലബാറിലെ തെയ്യക്കാലം. രണ്ട് വർഷത്തോളം നീണ്ട കൊവിഡ് ഭീതി, അകന്ന ശേഷമെത്തിയ ഉത്സവകാലം ഭക്തര്‍ ഇരു കൈയ്യും നീട്ടിയാണ് വരവേറ്റത്. കലാകാരര്‍ക്കും അത് ആശ്വാസമായിരുന്നു.
കലശോത്സവത്തിന്‍റെ അവസാന നാളില്‍ ദര്‍ശനത്തിനായി ആയിരങ്ങളാണ് മന്ദന്‍പുറത്ത് കാവിലെത്തിയത്. ആര്യക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള മത്സ്യക്കോവ ആര്‍പ്പുവിളികളോടെ ക്ഷേത്രത്തില്‍ എത്തിക്കും. ഇതോടെയാണ് കലശമഹോത്സവത്തിന്‍റെ അവസാന നാളിൽ ആരാധനാമൂർത്തികൾ അരങ്ങിലെത്തുക.
തെക്കുവടക്ക് കളരികളില്‍ നിന്നുള്ള കലശകുംഭം അലങ്കരിക്കും. ഇതിന്‍റെ അകമ്പടിയില്‍ തെയ്യങ്ങള്‍ ക്ഷേത്രത്തില്‍ വലംവയ്ക്കുന്നതാണ് പ്രധാന ചടങ്ങ്. ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ ശേഷം തെയ്യങ്ങളുടെ തിരുമുടി താഴ്ന്നു. ഇനി മറ്റൊരു തെയ്യക്കാലത്തിനായി അടുത്ത തുലാം പത്ത് വരെയുള്ള കാത്തിരിപ്പ്.