കാസർകോട്: ഇന്‍റര്‍പോളിന്‍റെ (Interpol) സഹായത്തോടെ പിടികൂടിയ പീഡനക്കേസ് പ്രതിയെ കാസർകോട് എത്തിച്ചു. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ (Hosdurg Police) പരിധിയില്‍ സ്ത്രീയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്ക് കടന്ന കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്തി(23)നെയാണ് ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്.
ചോദ്യം ചെയ്യുന്നതിനായി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ കിട്ടിയ പ്രതിയെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതിയായ മുബഷീറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബലാത്സംഗം നടന്നത് 2018 ഫെബ്രുവരിയില്‍
2018 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഭർത്താവ് വിദേശത്തുള്ള യുവതിയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് രാത്രിയിൽ പ്രതികൾ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയും സ്വർണ മാലയും വളയും 25000 രൂപയും പിടിച്ചു പറിക്കുകയായിരുന്നു. യുവതിയുടെ നാട്ടുകാരാണ് അറസ്റ്റിലായ രണ്ടു പ്രതികളും. ബലാത്സംഗ ഉദ്ദേശത്തോടെയാണ് പ്രതികൾ വീട്ടിലേക്ക് അതിക്രമിച്ചു കയറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിടിച്ചുപറി, ബലാത്സംഗം വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
കുറ്റകൃത്യം നടത്തിയശേഷം മുസഫറലി മംഗലാപുരം വിമാനത്താവളം വഴി വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് നോട്ടീസ് ((interpol red notice) പുറപ്പെടുവിച്ചു . ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാള്‍ യു.എ.ഇ (UAE) പൊലീസിന്‍റെ പിടിയിലായ വിവരം സ്റ്റേറ്റ് ഇന്‍റര്‍പോള്‍ ലെയിസണ്‍ ഓഫീസര്‍ കൂടിയായ ഐ.ജി സ്‌പര്‍ജന്‍കുമാറിനെ അറിയിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്.
ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ന്യൂഡെല്‍ഹിയില്‍ എത്തിച്ച ഇയാളെ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീജേഷ്.കെയുടെ നേതൃത്വത്തിലുളള സംഘം ന്യൂഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
also read: ഇടുക്കി അതിർത്തി ഗ്രാമത്തിൽ അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തി
സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ആരംഭിച്ച ഇന്‍റര്‍നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ കോ ഓര്‍ഡിനേഷന്‍ ടീമാണ് കുറ്റകൃത്യം നടത്തി വിദേശത്തേയ്ക്ക് കടക്കുന്നവര്‍ക്കെതിരെ റെഡ്നോട്ടീസ് പുറപ്പെടുവിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിനാണ് ടീമിന്‍റെ മേല്‍നോട്ടം.