കാസര്‍കോട്: കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തിയിലെ പാടീപുഴയ്‌ക്ക് കുറുകെ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുഴയ്‌ക്ക് പാലമില്ലാത്തതിനാല്‍ വര്‍ഷങ്ങളായി ചെറുകാനം, എടാട്ടുമ്മൽ, ഈച്ചേൻ വയൽ, തങ്കയം, തൃക്കരിപ്പൂർ എന്നിവിടങ്ങളിലുള്ള ജനങ്ങള്‍ ദുരിത യാത്രയിലാണ്. പുഴയ്‌ക്ക് കുറുകെ വടം വലിച്ച് കെട്ടി അതില്‍ പിടിച്ച് സ്വയം നിയന്ത്രിച്ച് യാത്ര ചെയ്യുന്ന ഫൈബര്‍ തോണി മാത്രമായിരുന്ന പ്രദേശവാസികളുടെ ഏക ആശ്രയം.
പുഴ കടക്കാനുള്ള ഏക മാര്‍ഗമായ ഈ തോണിയും കേടുപാടുകള്‍ സംഭവിച്ച് കരകയറിയിട്ടിപ്പോള്‍ നാളേറെയായി കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ആന്നൂരിലെയും ചെറുകാനത്തെയും കര്‍ഷകര്‍ക്ക് കൃഷിയിടത്തിലെത്താന്‍ പുഴയില്‍ ഇറങ്ങി നടന്ന് മറു കര പറ്റണം. എന്നാല്‍ ഒഴുക്ക് കൂടുതലുള്ള സമയത്ത് പുഴ മുറിച്ച് കടക്കുകയെന്നത് ഏറെ പ്രയാസമാണ്. മാത്രമല്ല മേഖലയില്‍ അധികരിച്ച അനധികൃത മണലെടുപ്പ് പുഴയില്‍ അപ്രതീക്ഷിത കയങ്ങള്‍ സൃഷ്‌ടിച്ചത് നടന്നുള്ള പുഴ കടക്കലിന് ഏറെ വെല്ലുവിളിയാണ്.
ദുരിത യാത്രക്ക് അറുതി വരുത്താനുള്ള നാട്ടുകാരുടെ നിരന്തരമുള്ള ആവശ്യം രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ പരിഗണിച്ചു. പാലം നിര്‍മാണത്തിനായി 5 കോടി 60 ലക്ഷം രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു. 2020-21ല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാലം നിര്‍മാണത്തിനും ഫണ്ടും അനുവദിച്ചു. എന്നാല്‍ ഫണ്ട് അനുവദിച്ച് ഒന്നര വര്‍ഷം പിന്നിട്ടിട്ടും പ്രാരംഭ നടപടികളല്ലാതെ മറ്റൊന്നും നടപ്പിലായില്ല.
പയ്യന്നൂർ നഗരസഭ തീരദേശ വികസന ഫണ്ട് ഉപയോഗിച്ച് 36.8 ലക്ഷം രൂപ ചെലവിൽ 270 മീറ്റർ പുഴക്കരയിലേക്ക് അനുബന്ധ റോഡും നിർമിച്ചു. തൃക്കരിപ്പൂർ ഭാഗത്ത് പുഴയോരം വരെ നിലവിൽ റോഡ് ഉള്ളതിനാൽ അപ്രോച്ച് റോഡ് പണിയേണ്ട ആവശ്യം ഇല്ല. എന്നാല്‍ ഫണ്ട് അനുവദിച്ചിട്ടും പാലം നിര്‍മാണം നടപ്പിലാക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
പുഴയ്‌ക്ക് കുറുകെ പാലം നിര്‍മിച്ചാല്‍ തൃക്കരിപ്പൂർ പഞ്ചായത്തിലെ ചെറുകാനം, എടാട്ടുമ്മൽ, കൊയോങ്കര , തങ്കയം, ഈച്ചേൻ വയൽ തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങൾക്ക് പയ്യന്നൂർ ഭാഗത്തേക്കെത്തുന്നതിനും പയ്യന്നൂർ നഗരസഭയിലെ കാറമേൽ, അന്നൂർ തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങൾക്ക് തൃക്കരിപ്പൂരിലെത്തുന്നതിനും എളുപ്പമാകും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാട്ടുകാരുടെ ദുരിത യാത്രയ്‌ക്ക് മുന്നില്‍ അധികൃതര്‍ കണ്‍തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.