കാസർകോട്: ജില്ലയുടെ കാര്‍ഷിക ചരിത്രത്തിന്‍റെ ഭാഗമായ കാഞ്ഞങ്ങാട്ടെ അലാമിപ്പള്ളി കുളം പുനര്‍ജനിക്കുന്നു. ഹരിത കേരളം പദ്ധതിയിലൂടെയാണ് കുളം വീണ്ടെടുക്കുന്നത്. കാടുമൂടി മാലിന്യക്കൂമ്പാരമായ പൊതുകുളമാണ് ഇതിലൂടെ സംരക്ഷിക്കപ്പെടുന്നത്. 17 ലക്ഷം രൂപ വകയിരുത്തിയാണ് കുളം നവീകരണം നടക്കുന്നത്.
ഈ കുളത്തിന് കാഞ്ഞങ്ങാടിന്‍റെ പഴയകാല കാര്‍ഷിക ചരിത്രത്തിലും അലാമിക്കളിയെന്ന അനുഷ്ഠാനകലയുമായി ബന്ധമുണ്ട്. ഒരു കാലത്ത് അലാമിപ്പള്ളി പ്രദേശത്തുള്ളവരുടെ പ്രധാന ശുദ്ധജല സ്രോതസായിരുന്ന കുളം കാലക്രമേണ നശിച്ചു പോകുകയായിരുന്നു. ചെറുകിട ജലസേചന വകുപ്പ് മുഖേന നവീകരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്.
കുളം സംരക്ഷിക്കുന്നതോടൊപ്പം ചുറ്റുമതിലും സൗന്ദര്യവല്‍ക്കരണവും ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് നടന്നു വരുന്നത്. കുളം വീണ്ടെടുത്ത് കഴിഞ്ഞാല്‍ പുതിയ ബസ് സ്റ്റാന്റിലേക്ക് ആവശ്യമായ ശുദ്ധജലം ഈ കുളത്തില്‍ നിന്നും എടുത്ത് തുടങ്ങും. കുളം സംരക്ഷിക്കണമെന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള ആവശ്യമായിരുന്നു. കഴിഞ്ഞ നഗരസഭാ ഭരണസമിതി തുടങ്ങി വെച്ച പ്രവൃത്തികളാണ് ഇപ്പോള്‍ പൂര്‍ത്തീകരണത്തിലെത്തിയത്.
ALSO READ: പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു