കാസർകോട് : നെല്ലിക്കുന്ന് ഹാർബർ ബീച്ചിൽ ടൂറിസം വകുപ്പ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച റിസോർട്ട് കയ്യൊഴിഞ്ഞ് അധികൃതർ. ഫണ്ട് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിസോർട്ടിന്‍റെ പണി പാതി വഴിയിൽ നിർത്തിയത്. കെട്ടിടം ഇപ്പോൾ കാടുപിടിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്.
സർക്കാർ ചിലവിൽ നിർമ്മിച്ച ഈ കെട്ടിടം കാടുപിടിച്ച് നശിച്ചിട്ടും അധികൃതർ അറ്റകുറ്റപ്പണി നടത്തുവാനോ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുവാനോ തയ്യാറായില്ല. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് 7 വർഷം മുൻപാണ് കെട്ടിടം നിർമ്മിച്ചത്. കെട്ടിടം ഇതിനോടകം ഭാഗികമായി നശിച്ചു കഴിഞ്ഞു.
ജനാലകൾ മുഴുവൻ തുരുമ്പെടുത്ത നിലയിലാണ്. രാത്രിയിൽ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറി എന്നാണ് നാട്ടുകാർ പറയുന്നത്. കടലിന്‍റെ ഭംഗി ആസ്വദിക്കാൻ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് എത്തിച്ചേരുന്നത്. ഈ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് ലക്ഷങ്ങൾ മുടക്കി റിസോർട്ട് നിർമ്മിച്ചത്. എന്നാൽ, 7 വർഷം കഴിഞ്ഞിട്ടും ഈ കെട്ടിടം വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെട്ടിട്ടില്ല.
ഹാർബർ ബീച്ചിലും സമീപപ്രദേശങ്ങളിലേക്കും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഈ റിസോർട്ടിലൂടെ സാധിക്കുമായിരുന്നു. റിസോർട്ട് തുറന്നു പ്രവർത്തിച്ചാൽ കൂടുതൽ വിനോദസഞ്ചാരികൾ ഈ ബീച്ചിലേക്ക് കടന്നു വരുമെന്നാണ് നാട്ടുകാരും പ്രതീക്ഷിക്കുന്നത്. ടൂറിസം വകുപ്പും നഗരസഭയും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ കെട്ടിടം പൂർത്തിയാകുകയുള്ളുവെന്നും നാട്ടുകാർ പറയുന്നു.