കാസര്‍കോട്: ബദിയടുക്കയില്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതി റിമാൻഡിലിരിക്കെ മരിച്ച നിലയില്‍. ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരനാണ് (40) കണ്ണൂര്‍ പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് ജുഡീഷ്യല്‍ കസ്റ്റഡിയിരിക്കെ തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അക്രമാസക്തനായി
ഓട്ടോറിക്ഷയിൽ ചാരായം കടത്തുന്നതിനിടെ ജൂലൈ 19 നാണ് കരുണാകരനെ ബദിയടുക്ക എക്സൈസ് റെയ്ഞ്ച് സംഘം പിടികൂടിയത്. കർണാടകയില്‍ നിന്നും 17 ലിറ്റർ മദ്യം സുഹൃത്തിനൊപ്പമാണ് ഇയാള്‍ കടത്തിയത്. ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ഇയാള്‍ അക്രമാസക്തനായി. തുടര്‍ന്ന് ജൂലൈ 20 ന് ഇയാൾ കുഴഞ്ഞു വീണതോടെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൂലൈ 21ന് കൈവീക്കം അനുഭവപ്പെട്ടതിനാല്‍ കരുണാകരനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്ന് പ്രതിയെ ആശുപത്രിയില്‍ കെട്ടിയിട്ടു. പിന്നീട്, പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൂർണ ആരോഗ്യവനായിരുന്ന കരുണാകരൻ ജയിലിൽ എത്തിയതിനു ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വന്ന് മരണപ്പെടുകയായിരുന്നുവെന്ന് സഹോദരൻ ആരോപിച്ചു.
'പിടിയിലാവുമ്പോൾ കരുണാകരന് ആരോഗ്യപ്രശ്നങ്ങളില്ല'
കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് മാറ്റിയ സമയത്ത് കരുണാകരന്‍ അബോധാവസ്ഥയിലായിരുന്നു. പൂർണ ആരോഗ്യവനായിരുന്ന കരുണാകരൻ ജയിലിൽ എത്തിയതിനു ശേഷമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വന്ന് മരണപ്പെടുകയായിരുന്നുവെന്ന് സഹോദരൻ ആരോപിച്ചു. എന്നാല്‍, എക്സൈസ്, ജയില്‍ ഉദ്യോഗസ്ഥര്‍ മർദിച്ചിരുന്നോ എന്ന കാര്യം ഇപ്പോൾ പറയാനാവിവില്ലെന്ന് ബന്ധുക്കൾ പറയുന്നു.
പിടിയിലാവുമ്പോൾ കരുണാകരന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിന്നു. വൈദ്യപരിശോധന നടത്തി ജയിലിലേക്ക് മാറ്റുമ്പോഴും ആരോഗ്യനിലയ്ക്ക് പ്രശ്നമില്ലായിരുന്നുവെന്ന് ബദിയടുക്ക എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതിനാല്‍ പരിയാരം പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.
മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മജിസ്‌ട്രേറ്റ് നേരിട്ടെത്തി ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി.
ALSO READ: കുഞ്ഞാലിക്കുട്ടിയുടെ മകൻ കള്ളപ്പണം നിക്ഷേപിച്ചുവെന്ന് കെ.ടി ജലീല്‍