കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിച്ച് മുന്നണികൾ. ഉയർന്ന വോട്ടിങ് നില അനുകൂലമാകുമെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ജില്ലാ പഞ്ചായത്ത് ഭരണം ആർക്ക് അനുകൂലമാകുമെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായി രണ്ട് പഞ്ചായത്തുകളിൽ ഭരണം നടത്തിയ ബിജെപി ഇക്കുറി കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന് കണക്ക് കൂട്ടുന്നത്. നഗരസഭകളിൽ നീലേശ്വരത്ത് പോളിങ് 80 ശതമാനത്തിനും മുകളിലെത്തി. നിലവിൽ ഇടത് മുന്നണി ഭരിക്കുന്ന നഗരസഭയാണെങ്കിലും ഇക്കുറി യുഡിഎഫ് പ്രതീക്ഷ വച്ചിട്ടുണ്ട്.
നിലവിൽ കാസർകോട് നഗരസഭയിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിൽ വ്യക്തമായ മേൽകൈ ഇടത് മുന്നണിക്കായിരുന്നു. കാഞ്ഞങ്ങാട് യുഡിഎഫിൽ നിന്ന് തിരിച്ചു പിടിച്ചതാണ്. അത് നിലനിർത്താനുള്ള എല്ല ശ്രമങ്ങളും ഇത്തവണ ഉണ്ടായി. 17 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് നാല്, ലീഗ് നാല് (യുഡിഎഫ് എട്ട്), സിപിഎം ആറ്, സിപിഐ ഒന്ന് (എൽഡിഎഫ് ഏഴ്) ബിജെപി രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ഒറ്റ അംഗത്തിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു യുഡിഎഫ് ഭരണം നടത്തിയത്.
നേരിയ വ്യത്യാസങ്ങൾക്ക് നഷ്ടമായ പിലിക്കോട്, പുത്തിഗെ ഡിവിഷനുകൾ ഇക്കുറി തിരിച്ചു പിടിക്കുമെന്നാണ് ഇടത് നേതൃത്വം അവകാശപ്പെടുന്നത്. ഡിഡിഎഫ് സ്ഥാനാർഥിയുടെ ചിറ്റാരിക്കാൽ ഡിവിഷനും, കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയിലെ സ്ഥിരം സമിതി ചെയർമാനുമായ ഷാനവാസ് പാദൂറിനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിച്ചതിലൂടെ ചെങ്കള ഡിവിഷനും ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയും ഇടത് മുന്നണിക്കുണ്ട്. എന്നാൽ ഇടത് മുന്നണി ജയിച്ചുവരുന്ന ദേലംപടിയിലും ബിജെപി സ്വാധീനമുള്ള ഇടനീരിലും അട്ടിമറി ജയമാണ് വലത് മുന്നണി പ്രതീക്ഷിക്കുന്നത്.
യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയാണ് ഇടനീരിൽ മത്സരിക്കുന്ന ഷാഹിന സലീം. കാസർകോട് നഗരസഭകളിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ലീഗാണ് ഇവിടുത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. 38 വാർഡുകളിലായി 20 സീറ്റിൽ യുഡിഎഫ് വിജയിച്ചപ്പോൾ 19ഉം ലീഗ് അംഗങ്ങൾ ആണ്. ഒരു കോൺഗ്രസും, 13 സീറ്റിൽ ബിജെപിയും, നാല് സ്വതന്ത്രരും, ഒരു സിപിഎം അംഗവുമാണ് നിലവിലെ ഭരണ സമിതിയിലുള്ളത്. 2015ലെ തെരഞ്ഞെടുപ്പിലാണ് കാഞ്ഞങ്ങാട് നഗര ഭരണം ഇടത് മുന്നണി പിടിച്ചത്. മുസ്ലിം ലീഗിലെ വിഭാഗീയതയായിരുന്നു പ്രധാന പ്രശ്നം.
ആകെ 43 വാർഡുകളിൽ 23 സീറ്റുകൾ ഇടതുമുന്നണി നേടി (സിപിഎം 21, ഐഎൻഎൽ രണ്ട്), യുഡിഎഫ് 13 (ലീഗ് പത്ത്, കോൺഗ്രസ് മൂന്ന്) ബിജെപി അഞ്ച്, സ്വതന്ത്രർ രണ്ട് സീറ്റുകളും നേടി. 2010ൽ രൂപം കൊണ്ട നീലേശ്വരം നഗരസഭയിൽ 32 വാർഡുകൾ ഉണ്ട്. എൽഡിഎഫ് 18 (സിപിഎം 18, സിപിഐ ഒന്ന്), യുഡിഎഫ് 13 (കോൺഗ്രസ് പത്ത്, ലീഗ് മൂന്ന്), ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ നാല് എന്നിങ്ങനെയാണ് നില. ഇടത് മുന്നണിക്കാണ് നിലവിൽ ഭരണം. കഴിഞ്ഞ തവണ പരപ്പയിൽ അട്ടിമറി വിജയമാണ് ഇടതു മുന്നണി നേടിയത്.