കാസര്‍കോട്: ജില്ലയില്‍ പ്രാഥമിക സമ്പർക്കത്തിനൊപ്പം ഉറവിടം അറിയാത്ത കേസുകൾ കൂടി വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ സ്ഥിതി ഗുരുതരമാണെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സമൂഹ വ്യാപന സാധ്യതയും വര്‍ധിക്കുകയാണ്. കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതയിലെ ഇരുവശങ്ങളിലുമുള്ള ടൗണുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍, മധുര്‍ ടൗണ്‍, ചെര്‍ക്കള ടൗണ്‍ തുടങ്ങിയ പ്രദേശങ്ങള്‍ കൂടി കണ്ടെയ്‌ൻമെന്‍റ് സോണായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.
ഇവിടങ്ങളിൽ വ്യാപാര മേഖലയിൽ രണ്ടാഴ്ചത്തേക്ക് നിയന്ത്രണങ്ങളുണ്ടാകും. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള സമ്പർക്കത്തിലൂടെയാണ് രോഗ വ്യാപനമേറെയുമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വിഭാഗം. കാസർകോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് വെള്ളയാഴ്ച മുതൽ ദേശീയ പാതയിൽ പൊതുഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. കര്‍ണ്ണാടകയില്‍ നിന്നും ജില്ലയിലേക്കുള പഴം ,പച്ചക്കറി വാഹനങ്ങൾക്ക് ജൂലൈ 31 വരെ പ്രവേശന അനുമതിയുണ്ടാകില്ല.
മഞ്ചേശ്വരം അതിർത്തി മുതൽ കുമ്പള വരെ ദേശീയപാതയോരങ്ങളിലും ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ മാത്രമേ തുറക്കാന്‍ അനുവദിക്കു. കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവിടങ്ങളിൽ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാമെങ്കിലും ജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ പഞ്ചായത്ത് ഓഫിസുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.