കാസർകോട്: ഇരുപത്തിയൊന്നാം വയസിൽ സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് പ്രസിഡണ്ടായി തിളങ്ങിയ ബേബി ബാലകൃഷ്‌ണൻ ഇനി കാസർകോട് ജില്ലാ പഞ്ചായത്തിന്‍റെ ഭരണ സാരഥി. മടിക്കൈ ഡിവിഷനിൽ നിന്നുള്ള അംഗമാണ് ബേബി ബാലകൃഷ്‌ണൻ. രണ്ടു തവണ മടിക്കൈ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ബേബി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായും തൻ്റെ നേതൃപാടവം തെളിയിച്ചിരുന്നു. 21-ാമത്തെ വയസിൽ ബിഎഡിനു ചേരാന്‍ നില്‍ക്കവെയാണ് പാര്‍ട്ടി നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
പഞ്ചായത്ത് ജീവനക്കാര്‍ അടിയന്തര സാഹചര്യങ്ങളില്‍ കോളജിലെത്തിയാണ് അത്യാവശ്യ ഫയലുകളില്‍ ഒപ്പു വാങ്ങിയിരുന്നത്. ഈ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും 1996 ല്‍ ഫസ്റ്റ് ക്ലാസോടെ ബിഎഡ് പാസായി. പിന്നീട് ഹിന്ദി പ്രവീണും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി. വനിതാ സംവരണത്തില്‍ പ്രസിഡന്‍റായ ബേബിയുടെ അഞ്ചുവര്‍ഷത്തെ ഭരണത്തിനുശേഷം വീണ്ടും പഞ്ചായത്ത് അധ്യക്ഷപദവിയിലേക്ക് ബേബിയെ തന്നെ പാർട്ടി നിശ്ചയിച്ചു. പഠനത്തില്‍ മിടുക്കിയായിരുന്ന ബേബി ഭരണത്തിലും മികവ് തെളിയിച്ചു. രാജ്യത്തെ മികച്ച പഞ്ചായത്ത് പ്രസിഡന്‍റ് എന്ന അംഗീകാരവും ബേബിയെ തേടിയെത്തി. 1998ലാണ് സംസ്ഥാനത്ത് കുടുംബശ്രീ ആരംഭിച്ചത്. ഇതിന് മുന്‍പേ തന്നെ മടിക്കൈയില്‍ 'ഗ്രാമശ്രീ' എന്ന പേരില്‍ പ്രോജക്‌ട് ആരംഭിച്ചതും ബേബിയുടെ നേതൃത്വത്തിൽ ആണ്.
ജനാധിപത്യ മഹിളാ അസോസിയഷൻ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമാണ് ബേബി ബാലകൃഷ്‌ണൻ. കുടുംബശ്രീ ഗവേണിങ് ബോഡി അംഗം കൂടിയാണ്. കൂടാതെ മടിക്കൈ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും മടിക്കൈ സർവ്വീസ് സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റും ബേബി ബാലകൃഷ്‌ണനാണ്.