കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മലയോര ഹൈവേ നിര്‍മാണത്തിന് അന്തിമ രൂപം നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കാണ് വന നിയമങ്ങള്‍ കുരുക്കായി മാറുന്നു. 127 കിലോമീറ്റര്‍ നീളത്തിലുള്ള പാതയില്‍ ആറ് കിലോമീറ്റര്‍ വനപാതക്കാണ് സാങ്കേതിക കുരുക്ക് തടസമാകുന്നത്.
നന്ദാരപ്പടവ് മുതല്‍ ചെറുപുഴ വരെ 127.42 കിലോമീറ്ററുകളില്‍ നാലു റീച്ചുകളായാണ് ജില്ലയില്‍ മലയോര ഹൈവേയുടെ നിര്‍മ്മാണം. നന്ദാരപ്പടവ് മുതല്‍ ചേവാര്‍വരെ 23 കിലോമീറ്റര്‍ പണി പൂര്‍ത്തിയായി. ചേവാര്‍ മുതല്‍ എടപ്പരമ്പുവരെയുള്ള രണ്ടാം റീച്ചില്‍ നിര്‍മാണത്തിന് 77.04 കോടി രൂപയുടെ പദ്ധതി സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നാംറീച്ചില്‍ 3.61 കിലോമീറ്ററും നാലാം റീച്ചില്‍ 2.78 കിലോമീറ്ററും റോഡ് നിര്‍മ്മാണത്തിനാണ് വനംവകുപ്പിന്‍റെ അനുമതി വേണ്ടത്. സാങ്കേതിക തടസം നീക്കി മലയോര ജനതയുടെ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യമാണ് തദ്ദേശ വാസികള്‍ ഉന്നയിക്കുന്നത്.
പ്രദേശത്തെ കുടിവെള്ള പൈപ്പുകളും വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികളും വൈകുന്നത് പ്രവര്‍ത്തിയുടെ വേഗം കുറയ്ക്കുകയാണ്. ഇതിനായി ജല അതോറിറ്റി അധികൃതര്‍ കിഫ്ബിക്ക് സമര്‍പ്പിച്ചത് ഒന്നരക്കോടിരൂപയുടെ അടങ്കലാണ്. ഭീമമായ തുകയായതിനാല്‍ ഇത് പുനപരിശോധിക്കണമെന്ന് കിഫ്ബി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിലും തീരുമാനമായിട്ടില്ല. മലയോര ഹൈവേ നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഓഫീസ് ഉപരോധമടക്കം നടത്തിയ മലയോര ജനത തുടര്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊരുങ്ങുകയാണ്.