കാസർകോട് : കാഞ്ഞിരമരം ഇനി മുതല്‍ കാസർകോടിന്‍റെ ജില്ല വൃക്ഷമായി അറിയപ്പെടും. പെരിയ പോളത്താളി ജില്ല പുഷ്‌പമായും, വെള്ള വയറന്‍ കടല്‍പ്പരുന്ത് ജില്ല പക്ഷിയായും, പാലപ്പൂവന്‍ ആമ (ഭീമനാമ) ജില്ല ജീവിയായും പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തിന്‍റെയും ജൈവ വൈവിധ്യ പരിപാലന സമിതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജൈവ വൈവിധ്യ പുരസ്‌കാര വിതരണ വേദിയിലാണ് ജില്ല സ്‌പീഷിസ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ സ്‌പീഷിസ് പ്രഖ്യാപനം നടന്നത്. ജൈവ വൈവിധ്യ സംരക്ഷണത്തിൽ നിർണായക പ്രഖ്യാപനമാണ് ഇത്. കേരള ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്‌ണനാണ് പ്രഖ്യാപനം നടത്തിയത്. ജില്ലയിലെ തനത് ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ല ജൈവ വൈവിധ്യ പരിപാലന സമിതി, വേറിട്ട, ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ഇതിന്‍റെ ഭാഗമായി അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ട ഏതാനും സ്‌പീഷിസുകളെയാണ് ജില്ല സ്‌പീഷിസുകളായി പ്രഖ്യാപിച്ചത്.
കാഞ്ഞിരം (Kanjiram); വിഷവൃക്ഷം എന്നറിയപ്പെടുന്ന കാഞ്ഞിരം വിവിധ ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. കാസർകോട് ജില്ലയിലെ പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രദേശങ്ങളിൽ ഇത് വ്യാപകമായി കാണപ്പെട്ടിരുന്നു. എന്നാൽ വ്യാപകമായ ചുവന്ന മണലിന്‍റെ ഖനനം (Red Sand Mining) ഈ മരത്തിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി.
ജില്ലയുടെ തനത് വൃക്ഷമായാണ് കാഞ്ഞിരത്തെ കണക്കാക്കുന്നത്. റവന്യൂ രേഖകൾ പ്രകാരം കാസർകോട് മുമ്പ് കാഞ്ഞിരോട് എന്നായിരുന്നു അറിയപ്പെട്ടിരുന്നതെന്ന് ജില്ല പഞ്ചായത്തിന്‍റെ ജൈവവൈവിധ്യ സംരക്ഷണ ഫോറം പുറത്തിറക്കിയ ബ്രോഷറിൽ പറയുന്നു. കാഞ്ഞിരം എന്ന അർത്ഥമുള്ള 'കസറ' എന്ന വാക്കിൽ നിന്നാണ് ജില്ലയ്ക്ക് ഈ പേര് ലഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.
പെരിയ പോളത്താളി (Malabar river lily): കാസർകോടിലെ ചുവന്ന മണൽ കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന അരുവികളിൽ കാണപ്പെടുന്ന പുഷ്‌പമാണിത്. വെള്ളയും ചുവപ്പും നിറത്തിലുള്ള പൂക്കൾ അടങ്ങിയ ചെടിയ 2012-ലാണ് കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന പുഷ്പ ഇനങ്ങളിൽ ഒന്നാണിത്. അതുകൊണ്ടുതന്നെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഈ പുഷ്‌പത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.
വെള്ള വയറന്‍ കടല്‍പ്പരുന്ത് (White bellied sea eagle): ജില്ലയുടെ പക്ഷിയായി പ്രഖ്യാപിക്കപ്പെട്ട 'വെള്ളവയറൻ കടൽ പരുന്ത് കാസർകോട് കണ്ണൂർ ജില്ലകളിൽ മാത്രം കൂടുതലായി കാണപ്പെടുന്നു. വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഷെഡ്യൂളിൽ ഈ വിഭാഗത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പക്ഷിയുടെ 15 ഓളം കൂടുകൾ കണ്ടെത്തി.
ഭീമനാമ ((Cantor's giant softshell turtle): പാലപ്പൂവൻ ആമയും വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ്. ഈ വർഗത്തിൽപെട്ട ആമകളുടെ മുട്ടകൾ ജില്ലയിൽ 2019-ൽ കണ്ടെത്തിയിരുന്നു. മൃദുവായ പുറംതൊലിയുള്ള ഇവയ്‌ക്ക് 100 കിലോഗ്രാം വരെ ഭാരമുണ്ടാകും. വളരെ അപൂർവമായിട്ട് ഈ ആമകൾ വെള്ളത്തിൽ പുറത്തുവരികയെന്നും ജൈവവൈവിധ്യ സംരക്ഷണ ഫോറം പുറത്തിറക്കിയ ബ്രോഷറിൽ പറയുന്നു.