കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ കാസര്‍കോട് ജില്ല കമ്മിറ്റിയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട്. തുടർ ഭരണത്തിലേറിയ സർക്കാരിന്‍റെ 15 മാസത്തെ പ്രവർത്തനം നിരാശാജനകമെന്നാണ് ജില്ല സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്. സർക്കാർ മധ്യവർഗ വിഭാഗത്തിന്‍റെ താൽപര്യങ്ങൾക്ക് മാത്രമാണ് പ്രാമുഖ്യം നല്‍കുന്നതെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
തുടര്‍ഭരണം ലഭിച്ച് അധികാരത്തിലെത്തിയ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെയും ഇടതുപക്ഷ മനസുകളെയും നിരാശപ്പെടുത്തുന്ന ചില സമീപനങ്ങൾ ഉണ്ടായിട്ടുള്ളത് വസ്‌തുതയാണ്. വികസന കാഴ്ച്ചപാടുകൾ ഇടതുപക്ഷ നയങ്ങൾക്ക് വിരുദ്ധമാകുന്നുവെന്ന പൊതുവിമർശനം ഗൗരവത്തിൽ തന്നെ കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേരള കോൺഗ്രസ് (എം), എൽ.ജെ.ഡി പാർട്ടികളുടെ മുന്നണി പ്രവേശം എൽ.ഡി.എഫിന് ഗുണം ചെയ്‌തില്ല. അവരുടെ ശേഷിക്ക് അനുസരിച്ച വോട്ട് വിഹിതം എൽഡിഎഫിന് ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പുതിയ കക്ഷികളെ മുന്നണിയിൽ ചേർക്കുന്നത് ഇടത് സ്വഭാവം സംരക്ഷിച്ചുകൊണ്ടായിരിക്കണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.