കാസർകോട്: ജില്ലയില്‍ കഴിഞ്ഞ ദിവസം രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നത് കാസകോട് നിന്നല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച ചെങ്കള പഞ്ചായത്ത് സ്വദേശി ജൂൺ 15ന് തലപ്പാടി വഴി ബംഗളൂരുവില്‍ പോയ ശേഷം 25ന് തിരിച്ചെത്തുകയായിരുന്നു. അതുകൊണ്ട് ഇയാളെ ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയത്. രോബാധിതനായ നീലേശ്വരം സ്വദേശി എറണാകുളത്ത് താമസിച്ച് ജോലി ചെയ്യുന്ന വ്യക്തിയാണ്. ഇയാളുടെ ഒപ്പം ജോലി ചെയ്തിരുന്ന രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് ജില്ലയില്‍ നിന്നുള്ള സമ്പർക്കത്തിലൂടെ അല്ല ഇരുവർക്കും രോഗമുണ്ടായതെന്ന് ഡിഎംഒ പറഞ്ഞു.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡിഎംഒ ഡോ.രാംദാസ് എ.വി അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നും എത്തി കൊവിഡ് -19 സ്ഥിരീകരിച്ചയാൾ യാത്രാ വിവരങ്ങൾ വെളുപ്പെടുത്താത്തതിനാൽ ഇവരുമായി ഇടപഴകിയ ഡോക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണത്തിൽ പോകേണ്ടി വന്നു. ജാൽസൂർ പോലുള്ള ഊട് വഴികളിലൂടെയും അനധികൃതമായി ചെക്ക്‌പോസ്റ്റ് വഴിയും ജില്ലയിലേക്ക് വരുന്നത് കോവിഡ് -19 സ്ഥിരീകരിച്ചവരുടെ യാത്രാ വിവരങ്ങൾ കണ്ടെത്തുന്നതിനും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി സമൂഹ വ്യാപനം തടയുന്നതിനും ആരോഗ്യ വകുപ്പിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.