കാസര്‍കോട്: ജില്ലയിൽ ആശങ്കയുയര്‍ത്തി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധനവ്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന നിരക്കിനേക്കാളും വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ നിലവില്‍ ശരാശരി 100 പേരെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കുമ്പോള്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് കുറച്ച് കൊണ്ട് വരാന്‍ സാധിച്ചില്ലെങ്കില്‍ ജില്ലയില്‍ കൊവിഡ് അതിവേഗം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കല്യാണം, മരണ ചടങ്ങുകള്‍, ഉത്സവം, കൂട്ട പ്രാര്‍ത്ഥന തുടങ്ങിയ മതപരമായ ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്‌ക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളിലേക്ക് പരമാവധി അഞ്ച് പേര്‍ മാത്രം പോകുക, ഗുരുതരരോഗം ബാധിച്ചവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുമായി അടുത്തിടപഴകാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 95 ശതമാനം പേരും 60 വയസിന് മുകളിലുള്ളവരും 45 വയസിനും 59 വയസിനും ഇടയിലുള്ള മറ്റ് ഗുരുതരരോഗം ബാധിച്ചവരുമാണ്. മരണ നിരക്ക് കുറയ്‌ക്കാനായി ഈ വിഭാഗത്തില്‍പെട്ട മുഴുവനാളുകളും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം.
വിദേശത്ത് നിന്നോ അന്യ സംസ്ഥാനത്തു നിന്നോ വന്നവര്‍, കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, മറ്റു രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ പരിശോധനക്ക് വിധേയരാകുന്നവരുടെ എണ്ണം കുറയുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.