കാസർകോട് : ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഭക്ഷണ സാമ്പിളുകൾ പരിശോധിച്ചതിൽ ഇ കോളി, കോളിഫോം ബാക്‌ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച അഞ്ച് സാമ്പിളുകളിലാണ് ബാക്‌ടീരിയകള്‍ ഉള്ളതായി കണ്ടെത്തിയത്. ഷവർമ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്.
ഷിഗെല്ല, സാൽമണെല്ല ബാക്‌ടീരിയകളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാനുള്ള പരിശോധന നടക്കുകയാണ്. ഫലം ഉടൻ ലഭിക്കുമെന്നാണ് സൂചന. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്‌തുക്കൾ കൈകാര്യം ചെയ്‌തതെന്നാണ് നിഗമനം. ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യവിഷബാധയെത്തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
അമ്പതിലേറെ പേർ ചികിത്സ തേടുകയും ചെയ്‌തു. ഇതിൽ നാലുപേർക്ക് ഷിഗെല്ലയും റിപ്പോർട്ട് ചെയ്‌തിരുന്നു. ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ല. ഷിഗെല്ല വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഉർജിതപ്പെടുത്തിയിട്ടുണ്ട്. ചെറുവത്തൂരിലെ ഭക്ഷ്യ വിഷബാധയുടെ കാരണം ഷിഗെല്ല ബാക്‌ടീരിയയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തിയതെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി രാംദാസ് അറിയിച്ചു.
രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയറിളക്ക രോഗ നിരീക്ഷണ സർവേ, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷൻ, ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിലെ ശുചിത്വ പരിശോധന എന്നിവ അടിയന്തര പ്രാധാന്യത്തോടെ നടത്താൻ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്‌ത നീലേശ്വരം നഗരസഭയിലും, ചെറുവത്തൂർ, കയ്യൂർ, ചീമേനി, പടന്ന, പീലിക്കോട്, തൃക്കരിപ്പൂർ തുടങ്ങിയ പഞ്ചായത്തുകളിലും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് വയറിളക്ക നിരീക്ഷണ സർവേ നടക്കുന്നത്.
പനി, വയറിളക്കം, ഛർദ്ദി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നീ ലക്ഷണങ്ങൾ ഉള്ളവരെ ഗൃഹ സന്ദർശനം വഴി കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പുവരുത്തുന്നതിനുമാണ് സർവേ. ജില്ലയിലെ മുഴുവൻ ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിലും രണ്ടുദിവസങ്ങളിലായി ശുചിത്വ പരിശോധന നടത്തി കർശന നടപടികൾ സ്വീകരിച്ചുവരുന്നു. വരും ദിവസങ്ങളിലും ഈ പ്രവർത്തനം തുടരുമെന്നും ഡിഎംഒ അറിയിച്ചു.