കാസർകോട്: മണ്ണിടിച്ചിൽ ഭീഷണിയിൽ ബദിയടുക്ക പെർള അന്തർ സംസ്ഥാനപാത. കഴിഞ്ഞ മഴക്കാലത്ത് ഭൂമി വിണ്ടുകീറി മണ്ണിടിഞ്ഞ സ്ഥലത്താണ് അപകട ഭീഷണി നിലനിൽക്കുന്നത്. സംരക്ഷണഭിത്തി കെട്ടാത്തതിനാൽ ഇളകി നിൽക്കുന്ന മൺകൂനകൾ കനത്ത മഴ പെയ്താൽ ഇടിഞ്ഞു നീങ്ങുന്ന സ്ഥിതിയിലാണ്. കാസർകോട് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്ന ഉക്കിനടുക്കയിലേക്കുള്ള പ്രധാന പാതയിലാണ് അപകടം പതിയിരിക്കുന്നത്.
കഴിഞ്ഞ വർഷം റോഡിനോട് ചേർന്നുള്ള കുന്നിൽ വിള്ളൽ വീണപ്പോൾ അരയേക്കറോളം സ്ഥലത്തെ മണ്ണിടിഞ്ഞ് വീണത് റോഡിലേക്കായിരുന്നു. അന്ന് ഒരു മാസത്തിലധികം ഗതാഗതം നിരോധിച്ച ശേഷമാണ് മണ്ണ് നീക്കിയത്. എന്നാൽ കാലവർഷം ശക്തി പ്രാപിച്ചതോടെയാണ് വീണ്ടും മണ്ണിടിച്ചിൽ ഭീഷണി ഉയരുന്നത്.കഴിഞ്ഞ വർഷം ഇടിഞ്ഞിറങ്ങിയ മൺകൂനകളിൽ വിള്ളൽ വീണ് ഏത് നിമിഷവും റോഡിലേക്കു പതിക്കാവുന്ന സ്ഥിതിയാണ്. നേരത്തെ ഗതാഗതം തടസപ്പെട്ടപ്പോൾ നാട്ടുകാർ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. സംരക്ഷണഭിത്തി കെട്ടിയാൽ മാത്രമേ കാലവർഷത്തിൽ അപകടഭീഷണിയില്ലാതെ ഇത് വഴി ഗതാഗതം സാധ്യമാകുകയുള്ളൂ.