കാസർകോട്: കുമ്പള അനന്തപുരം ക്ഷേത്രത്തിലെ കൗതുകമായ ബബിയ എന്ന മുതല സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ക്ഷേത്ര കീഴ്‌ശാന്തി ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്ത ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ കിടക്കുന്ന ബബിയയുടെ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. കേരളത്തിലെ ഏക തടാക ക്ഷേത്രത്തിലെ സസ്യാഹാരിയായ മുതലയെക്കുറിച്ചു കേട്ടും കണ്ടുമറിഞ്ഞവർ ഈ ചിത്രങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.
തടാകത്തിനുള്ളിലെ ഗുഹയിൽ കഴിയുന്ന മുതലക്ക് നിവേദ്യ ചോറ് നൽകാനായി പൂജാരി ബബിയ എന്ന് നീട്ടി വിളിക്കുമ്പോൾ ഗുഹമുഖത്തേക്ക് വരുന്നത് മാത്രമാണ് ഭക്തർ ഇതു വരെ കണ്ടിരുന്നത്. ചില സമയങ്ങളിൽ തടാകത്തിനടിയിലൂടെ സഞ്ചരിക്കുന്നതും തടാകത്തിനപ്പുറമുള്ള മറ്റൊരു കുളത്തിലുമെല്ലാം ബബിയയെ ഭക്തർക്ക് ദൃശ്യമായിരുന്നു. രാത്രി ക്ഷേത്ര നട അടച്ചാൽ ബബിയ ശ്രീകോവിലിന് സമീപം എത്തുമെന്ന് കേട്ടറിവുണ്ടായിരുന്നുവെങ്കിലും ശ്രീകോവിലിന് മുന്നിൽ മുതല കിടക്കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് അനന്തപുരം ക്ഷേത്രവും ബബിയയും സമൂഹമാധ്യമങ്ങളിൽ വീണ്ടും നിറഞ്ഞു തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് മുതലയുടെ ചിത്രം പുറം ലോകം കണ്ടത്.
പുലർച്ചെ മേൽശാന്തി സുബ്രഹ്മണ്യ ഭട്ട് ക്ഷേത്രനട തുറക്കാൻ എത്തിയപ്പോഴാണ് നടയിൽ മുതല കിടക്കുന്നത് കണ്ടത്. ഭഗവാനായി സങ്കല്പിക്കപ്പെടുന്ന ബബിയയെ കണ്ടതോടെ മേൽശാന്തി പുരുഷ സൂക്തവും വിഷ്ണു സൂക്തവും ചൊല്ലി. ഇതിനുശേഷമാണ് മുതല ഗുഹയിലേക്ക് മടങ്ങിയത്. ക്ഷേത്രനടയിൽ ബബിയ കിടക്കുന്ന ഫോട്ടോ അപൂർവമാണ്. ഇതോടെയാണ് ഒട്ടേറെ പേരിലേക്ക് ഫോട്ടോ ഷെയർ ചെയ്യപ്പെട്ടത്. നേരത്തെ ഇവിടെയുണ്ടായിരുന്ന മുതലയെ ബ്രിട്ടീഷ് സൈന്യം വെടി വെച്ചു കൊന്നു എന്നും അതിനുശേഷം തടാകത്തിൽ കാണപെട്ടതാണ് ബബിയ എന്നുമാണ് വിശ്വാസം. ബബിയയെ അടുത്ത് കാണുന്നത് പുണ്യമായും ഭാഗ്യമായും ഭക്തർ കരുതുന്നു. മുതലക്കായി പ്രത്യേക വഴിപാട് സേവയും ക്ഷേത്രത്തിലുണ്ട്. ബബിയക്ക് 75 വയസുണ്ടെന്നാണ് കണക്കാക്കുന്നത്.