കാസർകോട്: പൊതു പരീക്ഷയുടെ രണ്ടാം ദിനമായ ഇന്നലെ ജില്ലയില്‍ മുന്നൂറോളം വിദ്യാർഥികൾക്ക് പരീക്ഷ എഴുതിയില്ല. 6818 വിദ്യാർഥികൾ പ്ലസ് വൺ പരീക്ഷ എഴുതിയപ്പോൾ 182 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. 6547 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതിയപ്പോൾ 160 വിദ്യാർഥികൾക്കാണ് പരീക്ഷ എഴുതാൻ കഴിയാതെ പോയത്. വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന പത്ത് വിദ്യാർഥികൾ പരീക്ഷ എഴുതി.
എസ് എസ് എൽ സി വിഭാഗത്തിൽ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 10841 പേർ രജിസ്റ്റർ ചെയ്‌തതിൽ 40 പേർക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. എന്നാൽ ഹോട്ട് സ്പോട്ട് ഏരിയകളിൽ നിന്നുള്ള 10 പേരും വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്നു 28 പേരും പരീക്ഷ എഴുതി.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 8870 പേർ രജിസ്റ്റർ ചെയ്തതിൽ ഒമ്പത് പേർ ഒഴിച്ച് എല്ലാവരും എസ്എസ്എൽസി പരീക്ഷ എഴുതി. ഇതര സംസ്ഥാനങ്ങളിലും കണ്ടെയ്‌ന്‍മെന്‍റ് സോണിലും കുടുങ്ങിപോയ വിദ്യാർഥികളാണ് പരീക്ഷ എഴുതാൻ കഴിയാതെ പോയതിൽ ഏറെയും. പരീക്ഷ എഴുതാൻ കഴിയാതെ പോയ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സംവിധാനം ഒരുക്കും.