കാസര്‍കോട്: ബളാലില്‍ സഹോദരിയെ കൊലപ്പെടുത്തിയ ആൽബിന്‍റെ മൊഴി പൂർണ്ണമായും വിശ്വാസത്തിലെടുക്കാതെ അന്വേഷണസംഘം. താൻ ഒറ്റയ്ക്ക് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് ആൽബിൻ കുറ്റസമ്മതം നടത്തിയത്. കോഴിക്കോട് സ്വദേശിനിയായ കാമുകിക്ക് കൊലപാതക വിവരം അറിയാമായിരുന്നുവോ എന്ന് വ്യക്തമല്ല. അതിനാൽ കാമുകിയെ സാക്ഷിയാക്കിയേക്കുമെന്നാണ് സൂചന. പിതാവ് വാങ്ങി നൽകിയ സ്മാർട്ട് ഫോൺ ഉപയോഗിച്ചാണ് ആൽബിൻ കൊലപാതകം ആസൂത്രണം ചെയ്തത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഫോൺ പരിശോധിച്ച പൊലീസും ഞെട്ടി. സ്മാർട്ട്ഫോൺ ഉപയോഗിച്ച് അശ്ലീലദൃശ്യങ്ങൾ കാണുന്നത് വിനോദമാക്കിയ യുവാവാണ് ആൽബിൻ എന്നാണ് ഫോൺ പരിശോധനയിൽ വ്യക്തമായത്.
സാമൂഹിക മാധ്യമങ്ങൾ വഴി സ്ഥാപിച്ചെടുത്ത സ്ത്രീ സൗഹൃദങ്ങളുമായുള്ള ചാറ്റ് ആണ് ഇൻബോക്സ് നിറയെ. മാതാവിനെയും പിതാവിനെയും സഹോദരിയെയും കൊലപ്പെടുത്തി കുടുംബസ്വത്ത് കൈക്കലാക്കി വില്‍ക്കുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. നാലേക്കര്‍ ഭൂമിയാണ് കുടുംബ സ്വത്ത്. ഇത് വിറ്റു കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതമായിരുന്നു പ്രതി ഓലിക്കല്‍ ആല്‍ബിൻ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ആദ്യഘട്ടത്തിലെ ശ്രമം പാളിയപ്പോഴാണ് ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകിയത്.
ഐ.ടി.ഐ. പഠനം കഴിഞ്ഞ ആൽബിൻ തമിഴ്‌നാട്ടിൽ ജോലി ചെയ്തിരുന്നു. ഇക്കാലയളവിൽ ചില വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നതായും ഇവിടെവെച്ച് മയക്കുമരുന്നിന് അടിമയായതായും പൊലീസ് സംശയിക്കുന്നുണ്ട്. കൊവിഡ് ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെയാണ് ആൽബിൻ നാട്ടിലെത്തിയത്. വെള്ളരിക്കുണ്ട് ടൗണിലെ ഒരു കടയിൽ ജോലി ചെയ്യവെ അവിടെ നിന്നും പണം നഷ്ടപ്പെട്ടിരുന്നു. ബന്ധുക്കളടക്കമുള്ളവരോട് പണം കടം വാങ്ങിയാണ് ആൽബിൻ ജീവിതം അടിച്ചു പൊളിച്ചത്. അതിനിടയിലാണ് വീട്ടുകാരെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാന്‍ ശ്രമം തുടങ്ങിയതും.
അതേസമയം തെളിവെടുപ്പ് നടപടികൾ പൂർത്തീകരിച്ച് കോടതിവരാന്തയിൽ എത്തുമ്പോഴും കുറ്റബോധത്തിന്‍റെ കണിക പോലും പ്രതി ആൽബിൻ ബെന്നിക്കുണ്ടായിരുന്നില്ല. വിലങ്ങിട്ട കൈകൾ കൊണ്ട് മുഖം മറച്ച് കൂസലില്ലാതെ പ്രതി കോടതിയിലേക്ക് നടന്നുപോയി. കുടുംബാംഗങ്ങളെയാകെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സംഭവം കൂട്ട ആത്മഹത്യ എന്ന് വരുത്തിതീർക്കാനായിരുന്നു പ്രതി ആൽബിൻ ആദ്യാവസാനം ശ്രമിച്ചത്. പൊലീസ് മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് അവസാന നിമിഷം വരെയുള്ള ആൽബിന്‍റെ ശ്രമം പാളിയത്.
തെളിവുകളെല്ലാം തനിക്കെതിരായപ്പോൾ മാത്രമാണ് പ്രതി കുറ്റസമ്മതം നടത്തിയതും. കൊലപാതകം ആസൂത്രണം ചെയ്ത സ്മാർട്ട്ഫോണിലെ ഗൂഗിൾ ഹിസ്റ്ററി ആണ് കേസിൽ പ്രധാന വഴിത്തിരിവായത്. എലിവിഷം എത്ര അളവിൽ ശരീരത്തിൽ എത്തിയാൽ ആണ് മരണം സംഭവിക്കുകയെന്നതെല്ലാം ആൽബിൻ മനസിലാക്കിയത് ഇന്‍റര്‍നെറ്റ് സഹായത്തോടെയാണ്. പതുക്കെ ശരീരത്തിലെ അവയവങ്ങളെ ബാധിക്കുമെന്നതിനാലാണ് എലിവിഷം തന്നെ കൃത്യം നടത്താൻ ഉപയോഗിച്ചതും. റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.