കാസർകോട്: മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ കരുത്തുള്ള ജില്ലയാണ് കാസര്‍കോട്. ഭൂരിഭാഗം മണ്ഡലങ്ങളിലും ത്രികോണ പോരാട്ടം നടക്കുന്ന എന്നതാണ് ജില്ലയിലെ സംസ്ഥാന ശ്രദ്ധയിലേക്കെത്തിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ കെ. സുരേന്ദ്രന്‍റെ തോല്‍വി. പെരിയ ഇരട്ടകൊലപാതകം, ലീഗ് എംഎല്‍എ കമറുദ്ദീനെതിരായ കേസുകള്‍, ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാന്‍റെ കൊലപാതകം തുടങ്ങി ജില്ലയില്‍ നിന്നുള്ള ഒരുപാട് വിഷയങ്ങള്‍ സംസ്ഥാനമാകെ ചര്‍ച്ചയായിട്ടുണ്ട്. ഈ പ്രശ്‌നങ്ങളിലെല്ലാമുള്ള ജനങ്ങളുടെ പ്രതികരണമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം.
വടക്ക് നിന്ന് നോക്കിയാല്‍ കേരളം തുടങ്ങുന്നത് മഞ്ചേശ്വരത്ത് നിന്നാണ്. പ്രാദേശിക, സമുദായിക, ഭാഷാ സമവാക്യങ്ങൾ ഇത്രയേറെ സ്വാധീനിക്കുന്ന മറ്റൊരു മണ്ഡലം കേരളത്തിലില്ല. സപ്‌തഭാഷാ സംഗമ ഭൂമിയില്‍ മലയാളത്തിനൊപ്പം, തുളു, കന്നഡ, ഉറുദു, മറാഠി തുടങ്ങിയ ഭാഷകൾക്ക് വലിയ സ്വാധീനമുണ്ട്. തുളുനാടൻ കളരിയുടെ നാട്ടില്‍ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചുകയറാൻ രാഷ്ട്രീയക്കളരിയിലെ മെയ്‌വഴക്കവും അഭ്യാസവും വേണം. കർണാടകയുമായി അതിർത്തി പങ്കിടുന്ന മഞ്ചേശ്വരത്ത് എല്‍ഡിഎഫും യുഡിഎഫും മാത്രമല്ല, ബിജെപിയും നിർണായക ശക്തിയാണ്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ 89 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി പിബി അബ്ദുൽ റസാഖിനോട് പരാജയപെട്ടത്. അബ്‌ദുള്‍ റസാഖിന്‍റെ മരണത്തിന് ശേഷം 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 7923 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്‍റെ എം.സി കമറുദ്ദീൻ ജയിച്ചു. ബിജെപി രണ്ടാമതെത്തി. ബിജെപിയെ പരാജയപ്പെടുത്താൻ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ ക്രോസ് വോട്ട് ചെയ്യുന്നു എന്നതാണ് എല്ലാ കാലവും പരസ്യമായും രഹസ്യമായും മഞ്ചേശ്വരത്ത് ഉയർന്നുകേൾക്കുന്ന ആരോപണം. കഴിഞ്ഞ തവണത്തെ നിര്‍ഭാഗ്യം പരിഹരിക്കാൻ കെ. സുരേന്ദ്രൻ വീണ്ടും എൻഡിഎയില്‍ നിന്ന് ജനവിധി തേടുന്നു. വിവി രമേശനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എകെഎം അഷ്റഫ് യുഡിഎഫിന് വേണ്ടിയും മത്സരരംഗത്തുണ്ട്.
മുസ്‌ലിം ലീഗിന്‍റെ ഏറ്റവും ശക്തമായ കോട്ടയായ കാസര്‍കോട് ഇത്തവണ കനത്ത പോരാട്ടമാണ് നടക്കുന്നത്. എൻഡിഎ ആണ് പ്രധാന എതിരാളി. മണ്ഡലത്തില്‍ ഇതുവരെ താമര വിരിയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും 1982 മുതൽ രണ്ടാം സ്ഥാനം ബിജെപി മറ്റാർക്കും നൽകിയിട്ടില്ല. 2011ലും 2016ലും ജയിച്ച ലീഗ് സ്ഥാനാര്‍ഥി എൻ.എ നെല്ലിക്കുന്നാണ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ബിജെപി ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കാസർകോട്. കെ. ശ്രീകാന്താണ് എൻഡിഎയ്‌ക്ക് വേണ്ടി ഇത്തവണ ജനവിധി തേടുന്ന്. എൻ.എ നെല്ലിക്കുന്നിന് തന്നെയാണ് യുഡിഎഫ് ഇത്തവണയും അവസരം നല്‍കിയിരിക്കുന്നത്. എം.എ ലത്തീഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു.
കഴിഞ്ഞ 30 വർഷമായി സിപിഎം പ്രതിനിധികളെ മാത്രം നിയമസഭയിലേക്ക് തെരഞ്ഞെടുത്ത് അയയ്ക്കുന്ന മണ്ഡലമാണ് ഉദുമ. പക്ഷേ ഓരോ തെരഞ്ഞെടുപ്പിലും മണ്ഡലത്തിലെ ഭൂരിപക്ഷം കുറയുന്നത് ഇടതുമുന്നണിക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. 2016ല്‍ വാശിയേറിയ പോരാട്ടമാണ് ഉദുമയില്‍ നടന്നത്. സിറ്റിങ് എംഎല്‍എ കെ കുഞ്ഞിരാമനെ നേരിട്ടത് കോൺഗ്രസ് നേതാവായ കെ സുധാകരനാണ്. പോരാട്ടം ശക്തമായിരുന്നെങ്കിലും സിപിഎം പ്രതിനിധിയായ കെ കുഞ്ഞിരാമൻ 3832 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയം നേടി. 2019 ഫെബ്രുവരി 17ന് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ഉദുമ മണ്ഡലത്തിലെ രാഷ്ട്രീയ സ്വഭാവത്തില്‍ ചെറുതല്ലാത്ത മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും അതിന് മുൻപ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും അത് പ്രകടമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുല്ലൂർ- പെരിയ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ 8937 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുകയുമുണ്ടായി. ഈ കണക്കുകളാണ് യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പതിനായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം നേടി ഇടതുപക്ഷം കരുത്ത് തെളിയിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ പൊതുവായി കാണുന്ന ബിജെപി അനുകൂല രാഷ്ട്രീയം ഉദുമയിലും സൃഷ്ടിക്കാനാണ് ബിജെപി നീക്കം. സിഎച്ച് കുഞ്ഞമ്പുവാണ് ഇത്തവണ ഇടതുപക്ഷത്തിനായി ജനവിധി തേടുന്നത്. എതിര്‍ പക്ഷത്ത് യുഡിഎഫില്‍ നിന്ന് ബാലകൃഷ്‌ണൻ പെരിയയും എൻഡിഎയില്‍ നിന്ന് എ. വേലായുധനും മത്സരിക്കുന്നു.
ഇകെ നായനാർ, ഒ ഭരതൻ, പി കരുണാകരൻ തുടങ്ങി സിപിഎമ്മിന്‍റെ കരുത്തരായ നേതാക്കളെ നിയമസഭയിലേക്കെത്തിച്ച മണ്ഡലമാണ് തൃക്കരിപ്പൂർ. 1977ല്‍ രൂപീകൃതമായ ശേഷം സിപിഎം എംഎല്‍എമാർ മാത്രം ജയിച്ചുവന്ന മണ്ഡലമാണിത്. 2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ കെ.പി കുഞ്ഞിക്കണ്ണനെ 16,959 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. രാജഗോപാലന്‍ പരാജയപ്പെടുത്തിയത്. മലയോരമേഖലയിലെ വോട്ടുകൾ വിധി നിശ്ചയിക്കുന്ന തൃക്കരിപ്പൂരില്‍ ക്രിസ്‌ത്യൻ, മുസ്‌ലീം വോട്ടുകൾ നിർണായകമാണ്. സർക്കാരിന്‍റെ വികസന നേട്ടങ്ങൾ തന്നെയാണ് സിപിഎം മുഖ്യ പ്രചരണ വിഷയമാക്കുന്നത്. പ്രാദേശിക വിഷയങ്ങൾ ഉയർത്തിയുടെ പ്രചാരണം വിജയം കൊണ്ടുവരുമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. ശബരിമല അടക്കമുള്ള വിഷയങ്ങൾ ആവർത്തിച്ച് ഉന്നയിച്ച് പരമാവധി വോട്ടുകൾ നേടാനാകും ബിജെപി ശ്രമം. എം. രാജഗോപാലനാണ് ഇത്തവണയും ഇടതുപക്ഷത്തിന് വേണ്ടി ജനവിധി തേടുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി എം.പി ജോസഫും എൻഡിഎ സ്ഥാനാര്‍ഥിയായി ഷിബിന്‍ ടി.വിയും രംഗത്തുണ്ട്.
തുടർച്ചയായി സിപിഐ സ്ഥാനാര്‍ഥികള്‍ ജയിക്കുന്ന മണ്ഡലമാണ് കാഞ്ഞങ്ങാട്. 2011ല്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചത് ഇ ചന്ദ്രശേഖരനായിരുന്നു. 2016ലും ചന്ദ്രശേഖൻ വിജയം ആവർത്തിച്ചു. സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനായി ഇ ചന്ദ്രശേഖരൻ മാറി. ഇത്തവണയും ചന്ദ്രശേഖരകൻ തന്നെയാണ് ഇടത് പക്ഷത്തിനായി ജനവിധി തേടുന്നത്. പി.വി സുരേഷ് യുഡിഎഫിന് വേണ്ടിയും ബല്‍രാജ് എൻഡിഎയ്‌ക്ക് വേണ്ടിയും രംഗത്തുണ്ട്. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാന്‍റെ കൊലപാതകം മണ്ഡലത്തില്‍ യുഡിഎഫിന് വൻ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് പ്രവർത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. രാഷ്ട്രീയ കൊലപാതകം എന്ന നിലയില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വലിയ ചർച്ചയാണിത്.
ഇത്തവണ തെരഞ്ഞെടുപ്പില്‍ എൻഡിഎയ്‌ക്ക് ഏറെ നിര്‍ണാകമാണ് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഫലം. മുന്നണി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരവും കാസര്‍കോടും. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ വീണ്ടും ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. ലീഗിന്‍റെയും കോണ്‍ഗ്രസിന്‍റെയും കരുത്തില്‍ ജില്ലയില്‍ നേട്ടമുണ്ടാക്കമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. മറുവശത്ത് കാസര്‍കോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലെ ദയനീയ പ്രകടനങ്ങളില്‍ നിന്ന് ഇടതുപക്ഷത്തിനും മോചനം നേടേണ്ടതുണ്ട്. ഉദുമ നിലനിർത്തേണ്ടതും എല്‍ഡിഎഫിന്‍റെ അഭിമാന പ്രശ്നമാണ്.