കാസര്‍കോട്: നഗരസഭയിലെ ഹരിത കര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടയുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ കെട്ടിക്കിടക്കുന്നു. ചെന്നിക്കരയിലെ ഒഴിഞ്ഞ കെട്ടിടത്തിലാണ് നഗരസഭയിലെ വീടുകൾ, കടകൾ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത്.
മാലിന്യം ശേഖരിക്കുമ്പോള്‍ മാസത്തിലൊരിക്കല്‍ കടകളില്‍ നിന്ന് 100 രൂപയും വീടുകളില്‍ നിന്ന് 50 രൂപയും ഈടാക്കുന്നതല്ലാതെ സംസ്‌കരിക്കാന്‍ കൃത്യമായ പദ്ധതികളിനിയും ആവിഷ്‌കരിച്ചിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ കൊതുക് ശല്യവും വര്‍ധിച്ചു. മാലിന്യങ്ങൾ ജനവാസകേന്ദ്രത്തിന് സമീപം കെട്ടിക്കിടക്കുന്നതിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഹരിത കര്‍മസേന വഴി ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നഗരസഭ പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.