കാസർകോട്: ലഹരിക്കടത്തിനും ലഹരി ഉപയോഗത്തിനുമെതിരെ കര്‍ശന മുന്നറിയിപ്പുമായി കാസർകോട്ടെ മഹല്ല് കമ്മിറ്റി. ലഹരിക്കേസുകളില്‍ പിടിയിലാകുന്നവരെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കുമെന്ന് പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് കമ്മറ്റി അറിയിച്ചു. അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കിൽ ഇവരുടെ വിവാഹവുമായി സഹകരിക്കില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.
ശക്തമായ നടപടി: മഹല്ലിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുകയും എല്ലാ പരിപാടികളിൽ നിന്നും മാറ്റിനിർത്തുകയും ചെയ്യും. ഇത്തരം വ്യക്തികൾ മരണപ്പെട്ടാല്‍ ഖബറടക്കത്തിന് ശേഷമുള്ള ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കും. വധുവിന്‍റെ വീട്ടുകാർക്ക് മഹല്ല് കമ്മിറ്റി ലഭ്യമാക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. ലഹരിമരുന്നുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തതോടെയാണ് വിവരം പുറത്തറിഞ്ഞതെന്നും ഇതോടെ ഐകകണ്‌ഠേന നടപടിയെടുക്കുകയായിരുന്നുവെന്നും കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാനത്ത് ആദ്യം: ലഹരിക്കെതിരെ ഒരു മഹല്ല് കമ്മറ്റി ശക്തമായ നിലപാട് എടുക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. തെറ്റ് തിരുത്താന്‍ തയ്യാറായാൽ തിരിച്ചെടുക്കുമെന്നും ഭാവി തലമുറയെ മുന്നില്‍ കണ്ടുകൊണ്ടാണ് തീരുമാനമെന്നും കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട ഒരാളും മഹല്ല് കമ്മറ്റിയിൽ പാടില്ലെന്നാണ് തീരുമാനം. 580 വീടുകളാണ് കമ്മിറ്റിക്ക് കീഴിലുള്ളത്. പൊലീസ് ഉള്‍പ്പെടെ നിരവധി പേരാണ് തീരുമാനത്തെ അനുകൂലിച്ച് മുന്നോട്ട് വന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ കൂട്ടിച്ചേര്‍ത്തു.
നേരത്തെയും ലഹരിക്കെതിരെ മഹല്ല് കമ്മിറ്റി നടപടി എടുത്തിരുന്നു. 2018ൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ മഹല്ലിലെ രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. വർഷങ്ങൾക്ക് ശേഷം ലഹരി മാഫിയ വീണ്ടും സജീവമായതോടെ നാലുപേരെ മഹല്ലിലെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി. പത്തോളം പേരാണ് ഇത്തരത്തില്‍ മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്തായത്.
Also read: പാര്‍ട്ടിക്കിടെ പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കി, സൊണാലിയുടെ മരണം അമിത അളവില്‍ ലഹരി അകത്തുചെന്ന്