കാസർകോട് : ജിബിജി നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ അടക്കം ആറുപേർ പൊലീസ് പിടിയിൽ. ഉടമ വിനോദ് കുമാർ, ഡയറക്‌ടർ ബോർഡ് അംഗം പെരിയ ഗംഗാധരൻ നായർ എന്നിവരുടെ അറസ്‌റ്റ് ബേഡകം പൊലീസ് രേഖപ്പെടുത്തി. ഇതല്ലാതെ ഡ്രൈവറുൾപ്പടെ നാല് ജീവനക്കാർ പൊലീസ് കസ്‌റ്റഡിയിലുണ്ട്. വിനോദ് കുമാർ കാസർകോട്ടെ ലോഡ്‌ജിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റിലായത്.
കേരളത്തിനുപുറമെ തമിഴ്‌നാട്ടിലും കർണാടകയിലും ഇവർ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. ജിബിജി നിധിയുടെ മറവിൽ 11 സ്ഥാപനങ്ങൾ ഇവർ നടത്തി വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതുവരെ 18 അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. കമ്പനി സീൽ ചെയ്യുന്നതിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്കും റിപ്പോർട്ട് സമർപ്പിച്ചു.
വിനോദ് കുമാറിന് എതിരെ 18 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. കാസർകോട് പ്രസ് ക്ലബ്ബിൽ വിനോദ് കുമാർ ഇന്ന് വാർത്താസമ്മേളനം വിളിച്ചിരുന്നെങ്കിലും അതിനുമുന്‍പേ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുണ്ടംകുഴി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിബിജി നിധിയെന്ന സ്ഥാപനം കോടികള്‍ തട്ടിയെടുത്തതായാണ് നിക്ഷേപകരുടെ പരാതി.
ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് പത്തുമാസം കൊണ്ട് 80,000 രൂപ പലിശയായി കിട്ടുമെന്നായിരുന്നു നിക്ഷേപകർക്ക് ജിബിജി നിധിയെന്ന സ്ഥാപനം നൽകിയ വാഗ്‌ദാനം. ഇത് വിശ്വസിച്ച് നിരവധിപേർ പല തുക നിക്ഷേപിക്കുകയും ചെയ്‌തു. എന്നാൽ പലിശയോ നിക്ഷേപിച്ച തുകയോ തിരികെ കിട്ടാതെ വന്നതോടെ പരാതിയുമായി പലരും രംഗത്തെത്തി.
5700 നിക്ഷേപകർ തട്ടിപ്പിനിരയായതാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. 2020 നവംബറിൽ ആരംഭിച്ച സ്ഥാപനം ആദ്യകാലങ്ങളിൽ വാഗ്‌ദാനം ചെയ്‌ത പലിശ കൃത്യമായി നല്‍കിയതോടെ കൂടുതല്‍ പേര്‍ ഇതില്‍ ആകൃഷ്‌ടരായി. കാസർകോടിന് പുറമേ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവരും നിക്ഷേപകരായുണ്ട്.
ഇവരില്‍ നിന്നായി 400 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കമ്പനി ഉടമ വിനോദ് കുമാർ ഇതിനുമുമ്പും സാമ്പത്തിക ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിട്ടിട്ടുണ്ട്. കൂടുതൽ പേർ പരാതിയുമായി എത്തുന്ന സാഹചര്യത്തിൽ ഈ കേസും ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും.