കാസർകോട്: യുദ്ധ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കുമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നിർമിക്കുന്ന പ്രതിരോധ വകുപ്പിന്‍റെ കീഴിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌എഎൽ) കാസർകോട് യൂണിറ്റിന്‍റെ രണ്ടാം ഘട്ട വിപുലീകരണം തുടങ്ങിയിടത്ത് തന്നെ. സീതാംഗോളി കിൻഫ്ര പാർക്കിൽ സംസ്ഥാന സർക്കാർ നൽകിയ 196 ഏക്കർ ഭൂമിയിൽ ഇതുവരെ ഉപയോഗിച്ചത് 16 ഏക്കർ മാത്രമാണ്. ബാക്കിയുള്ള ഭൂമി പത്ത് വർഷത്തോളമായി വെറുതെ കിടക്കുകയാണ്.
യുദ്ധ വിമാനങ്ങൾക്കുള്ള മിഷൻ കമ്പ്യൂട്ടര്‍, ഡിസ്‌പ്ലേ പ്രൊസസർ, റഡാർ കമ്പ്യൂട്ടര്‍, വിവിധ കമ്പ്യൂട്ടര്‍ നിർവഹിക്കുന്ന ജോലികൾ ഒറ്റ കമ്പ്യൂട്ടര്‍ക്ക് ചെയ്യാൻ കഴിയുന്ന ആധുനിക ഓപ്പൺ ആർക്കിടെക്‌ചര്‍ കമ്പ്യൂട്ടര്‍ എന്നിവയാണ് ഇവിടെ നിർമിക്കുന്നത്. യുദ്ധ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കുമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണിത്. റഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സുഖോയ് 30, മിഗ് 27, ഇന്ത്യയുടെ തദ്ദേശ വിമാനമായ തേജസ് എന്നീ യുദ്ധ വിമാനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും ഇവിടെ നിർമിക്കുന്നുണ്ട്.
പ്രഖ്യാപനങ്ങളിലൊതുങ്ങി വിപുലീകരണം: റഷ്യ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. ഹൈദരാബാദിലെ ഏവിയേഷൻ ഇലക്ട്രോണിക്‌സ് (ഏവിയോണിക്‌സ്) ഡിവിഷന്‍റെ കീഴിലുള്ള കാസർകോട് സ്‌ട്രാറ്റജിക് ഇലക്‌ട്രോണിക്‌സ് ഫാക്‌ടറിയാണിത്. വി.എസ് അച്യുതാനന്ദൻ സർക്കാരിന്‍റെ കാലത്ത് എളമരം കരീം വ്യവസായ മന്ത്രിയായിരിക്കവെയാണ് സീതാംഗോളി കിൻഫ്ര പാർക്കിലെ 196 ഏക്കർ ഭൂമി എച്ച്‌എഎൽ ഫാക്‌ടറിക്ക് കൈമാറിയത്.
2008 ഓഗസ്റ്റ് 23ന് തറക്കല്ലിട്ടു. ഒന്നാംഘട്ടത്തിൽ 16 ഏക്കർ ഭൂമിയിൽ 66 കോടി രൂപ ചെലവിൽ ഫാക്‌ടറിയും ഓഫിസ് സമുച്ഛയവും നിർമിച്ചു. 2012 നവംബർ 17 നാണ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തത്.
രണ്ടാം ഘട്ടത്തിൽ വന്‍ വിപുലീകരണം നടത്തുമെന്നാണ് 2012ൽ അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്‍റണി പ്രഖ്യാപിച്ചത്. റഫാൽ എംഎംആർസിഎ യുദ്ധവിമാനം, എഇഎസ്‌എ, റഡാർ, ഇലക്‌ട്രോണിക്‌സ് വാർഫെയർ സ്യൂട്ട്, കമ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ, സോഫ്‌റ്റ്‌നെറ്റ് ഡിഫൈൻഡ് റേഡിയോ തുടങ്ങിയവയ്‌ക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമിക്കാനുള്ള സൗകര്യവും സംവിധാനവും ഒരുക്കേണ്ടിയിരുന്നു. എന്നാൽ ഇതൊന്നും നടന്നില്ല.
ഫ്രാൻസിന്‍റെ സാങ്കേതിക സഹായത്തോടെ റഫാൽ യുദ്ധവിമാനം എച്ച്‌എഎല്ലിൽ നിർമിക്കാനാനും പദ്ധതി ഉണ്ടായിരുന്നു. റഫാല്‍ കരാർ റിലയൻസ് റാഞ്ചിയപ്പോൾ കാസർകോടിനും തിരിച്ചടിയായി. എഫ്‌ജിഎഫ്‌എ, എംടിഎ യുദ്ധവിമാനം, എൽയുഎച്ച്, എൽസിഎച്ച്, എംഎൽഎച്ച് ഹെലികോപ്‌ടർ, ആളില്ലാ വിമാനം (യുഎവി) എന്നിവയ്‌ക്കാവശ്യമായ ഉപകരണങ്ങളും നിർമിക്കുമെന്ന് പ്രതീക്ഷിക്കുണ്ട്.
എഞ്ചിനീയര്‍മാരും ഭരണനിർവഹണ വിഭാഗത്തിലുമായി കാസര്‍കോട് 60 ഓളം സ്ഥിരം ജീവനക്കാർ മാത്രമാണുള്ളത്. ഇതര വിഭാഗങ്ങളിലായി നാൽപതോളം താത്കാലിക തൊഴിലാളികളുണ്ട്. രണ്ടാം ഘട്ടമാകുമ്പോൾ രണ്ടായിരത്തോളം പേർക്ക് തൊഴിൽ ലഭിക്കുമെന്നായിരുന്നു തുടങ്ങുമ്പോഴുള്ള പ്രഖ്യാപനം.