കാസര്‍കോട് : മെഡിക്കല്‍ കോളജിലെ അക്കാദമിക് കോളജില്‍ നഴ്‌സിങ് കോളജ് പ്രവര്‍ത്തനമാരംഭിച്ചു. ക്ലാസ് മുറികളോ ലാബുകളോ ഇരിക്കാന്‍ കസേരകളോ തുടങ്ങി യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെയാണ് ക്ലാസുകള്‍ ആരംഭിച്ചത്. ഇതോടെ മികച്ച അക്കാദമിക് പഠനം സ്വപ്‌നം കണ്ട് കാസർകോട്ടെത്തിയ വിദ്യാര്‍ഥികള്‍ നിരാശരായി. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നായി 60 കുട്ടികളാണ് കോളജില്‍ നഴ്‌സിങ്ങിനായി ചേര്‍ന്നത് (Kasaragod Govt Nursing College).
നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ ലഭിക്കേണ്ട അക്കാദമിക് സംവിധാനങ്ങളൊന്നും ഇവിടെയില്ലെന്ന് മാത്രമല്ല ക്ലാസ് മുറികള്‍ ഇല്ലാത്തതുകൊണ്ട് കെട്ടിടത്തിന് അകത്ത് നിര്‍മിച്ച താത്‌കാലിക ഹാളിലാണ് ക്ലാസുകള്‍ പുരോഗമിക്കുന്നത്. ഹാളില്‍ ഇരിക്കാനാണെങ്കില്‍ കസേരയുമില്ല. കോളജ് ഓഡിറ്റോറിയത്തിനായി എത്തിച്ച കസേരകളിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഇരിക്കുന്നത് (Lack Of Basic Facilities In Govt Nursing College).
ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തത് കൊണ്ട് കെട്ടിടത്തില്‍ താത്‌കാലികമായി സജ്ജമാക്കിയ കെട്ടിടത്തിലാണ് വിദ്യാര്‍ഥികള്‍ താമസിക്കുന്നത്. പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ നിലവില്‍ താമസ സൗകര്യം ഒരുക്കിയിട്ടുമില്ല. സാധാരണ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജുകളില്‍ ലഭിക്കേണ്ട കാന്‍റീന്‍ സൗകര്യം ഇല്ലാത്തതിലും ഏറെ പ്രയാസത്തിലാണ് വിദ്യാര്‍ഥികള്‍. നിലവില്‍ തിയറി ക്ലാസുകളാണ് നടക്കുന്നത്. പ്രായോഗിക പഠനത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തണം. കോളജില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് ജനറല്‍ ആശുപത്രി. ഇതിനെല്ലാം പുറമെ കോളജിലേക്ക് ശരിയായ ഗതാഗത സൗകര്യവും ഇല്ലാത്തത് വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളെയും ഏറെ വലയ്‌ക്കുന്നുണ്ട് .
അധ്യാപകരുടെ കാര്യവും തീരുമാനമായില്ല: കോളജില്‍ ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചെങ്കിലും പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. നിലവില്‍ ഒരു പ്രൊഫസറും ഒരു അസിസ്റ്റന്‍റ് പ്രൊഫസറുമാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. നവംബര്‍ 8ന് ഒരു പ്രൊഫസര്‍ കൂടി കോളജിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതിഷേധവും പരാതികളും : കോളജില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെയാണ് പഠനം ആരംഭിച്ചതെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നു. സര്‍ക്കാരിന്‍റെ കൊട്ടിഘോഷിച്ച പ്രഖ്യാപനം നടപ്പിലാക്കാന്‍ തിടുക്കമിട്ടാണ് കോളജിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചതെന്നും ആക്ഷേപമുയരുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെ കോളജിന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്‍റെ അംഗീകാരം ലഭിച്ചിട്ടില്ലെന്നതും വിദ്യാര്‍ഥികളെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഉടനടി നടപടിയുണ്ടാകണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. എന്നാല്‍ പരാതികള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും എല്ലാം ശരിയാകുമെന്ന അധികൃതരുടെ വാക്കില്‍ വിശ്വാസമര്‍പ്പിച്ച് അസൗകര്യങ്ങള്‍ക്ക് നടുവിലും പ്രതീക്ഷയോടെ പഠനം തുടരുകയാണ് വിദ്യാര്‍ഥികള്‍.