കാസര്‍കോട്: കാടകം ഗ്രാമത്തില്‍ അധ്യാപകനായി എത്തിയ ശേഷം നിയോഗം പോലെ നാടക കൃത്തായി മാറിയ എന്‍.ശശിധരനെ പുതിയ തലമുറയക്ക് പരിചയപ്പെടുത്തുകയാണ് മെതിയടി എന്ന ഹ്രസ്വ ചിത്രം. എന്‍.ശശിധരന്‍റെ നാടക ജീവിതം പറയുന്ന ഹ്രസ്വചിത്രം മെതിയടി എന്ന നാടകത്തിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. തോല്‍വെട്ട് സമരത്തിന്‍റെ കൂടി ചരിത്രമുള്ള കാസര്‍കോടിന്‍റെ മണ്ണിനെയും അവിടുത്തെ ജീവിതങ്ങളെയും കഥാപാത്രങ്ങളാക്കിയാണ് എന്‍.ശശിധരന്‍ കൂടുതല്‍ നാടകങ്ങള്‍ രചിച്ചത്. പുസ്തക രൂപത്തിലാക്കിയ അദ്ദേഹത്തിന്‍റെ ജീവചരിത്രവും ചടങ്ങില്‍ പ്രകാശനം ചെയ്‌തു. കാടകം സ്‌കൂളില്‍ അധ്യാപകനായി എത്തിയ ശശിധരന്‍ അവിടുത്തെ നാടക പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി നാടക രചനയിലേക്ക് തിരിയുകയായിരുന്നു.
നാടകത്തിലേക്ക് തിരിഞ്ഞ ശേഷമുള്ള അദ്ദേഹത്തിന്‍റെ ജീവിതമാണ് മെതിയടി ഹ്രസ്വചിത്രം പറയുന്നത്. കാടകത്തെ ഓരോ മനുഷ്യരെയും അടുത്തറിയുന്ന എന്‍.ശശിധരന്‍ കാടകക്കാരുടെ ശശിമാഷാണ്. സ്‌കൂള്‍ നാടകങ്ങള്‍ക്ക് കൃത്യമായ ശൈലി കൊണ്ടുവന്നത് എന്‍.ശശിധരനാണ്. അദ്ദേഹത്തിന്‍റെ ആദ്യ നാടകം മരത്തവള രചിച്ചത് കാടകം സ്‌കൂളിന് വേണ്ടിയായിരുന്നു. പിന്നീട് കാടകം ഫ്രണ്ട്സ് കമ്പയിന്‍സിന് വേണ്ടിയും വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്‌സ് അടക്കമുള്ള നാടക സമിതികള്‍ക്ക് വേണ്ടിയുമായി രചിച്ചത് ചെറുതും വലുതുമായ 35ഓളം നാടകങ്ങളാണ്. അത് കൊണ്ട് തന്നെ കാടകം കൂട്ടായ്‌മ ഒരുക്കിയ കാടകം നാടകം ജീവിതം എന്ന ബയോപിക് നിരവധി ജീവിതങ്ങളെയും കുറിച്ചിടുന്നു. കാസര്‍കോടന്‍ കൂട്ടായ്മയുടെ കലയുടെ അടുക്കളയെന്ന പരിപാടിയില്‍ മെതിയടി പ്രദര്‍ശിപ്പിച്ചു. എന്‍.ശശിധരന്‍റെ ജീവചരിത്രം ബ്ലു ഇങ്ക് ബുക്‌സിലൂടെയും ലഭ്യമാണ്.