കാസർകോട്: കൊവിഡ് രോഗവ്യാപനത്തിന്‍റെ രണ്ടാം തരംഗത്തിനുള്ള സാധ്യത നിലനില്‍ക്കെ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. ജില്ലാതല കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം.
ഇതനുസരിച്ച്, ജില്ലയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം രാത്രി ഒമ്പത് വരെ മാത്രമേ അനുവദിക്കുകയുള്ളു. രാത്രി 11 മണി വരെ തുറക്കാന്‍ അനുവദിക്കണമെന്ന ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയിലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് സമയം നീട്ടാനാവില്ലെന്ന് കലക്ടര്‍ അറിയിച്ചത്. തട്ടുകടകള്‍ക്ക് വൈകിട്ട് വരെ പ്രവര്‍ത്തിക്കാമെങ്കിലും പാഴ്‌സൽ സർവീസ് മാത്രമേ അനുമതിക്കുകയുള്ളൂ. അതിനാൽ തന്നെ, തട്ടുകടകള്‍ക്ക് സമീപം നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പൊളിച്ചു നീക്കാനും നിർദേശമുണ്ട്.
ജില്ലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഉള്‍പ്പടെ എല്ലാ കടകളിലും ഉടമകളും ജീവനക്കാരും ഗ്ലൗസും മാസ്‌കും ധരിക്കണം. ഇത് പരിശോധിക്കാന്‍ മാഷ് പദ്ധതിയിലെ അധ്യാപകരെ നിയോഗിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അതിഥി തൊഴിലാളികള്‍ ജില്ലയില്‍ എത്തി തുടങ്ങിയതിനാല്‍ ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പുറത്തിറങ്ങി തൊഴിലെടുക്കാന്‍ അനുവദിക്കൂ. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാകും. തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്‌ര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവിങ് ടെസ്റ്റിന് വരുന്നവരും കൂടെ വരുന്നവരും ആന്‍റിജന്‍ പരിശോധന നടത്തണം. ടെസ്റ്റ് ഗ്രൗണ്ടിന് സമീപം സൗജന്യ ആന്‍റിജന്‍ ടെസ്റ്റിന് ആരോഗ്യ വകുപ്പ് സൗകര്യം ഒരുക്കും.
ഇപ്പോൾ, ജില്ലയിൽ ആന്‍റിജൻ പരിശോധന വർധിച്ചിട്ടുണ്ടെന്നും പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ടെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേ സമയം, കൂടുതല്‍ പേര്‍ പരിശോധനയ്ക്ക് സന്നദ്ധമാകണമെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു. കൊവിഡ് ആശുപത്രിയായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഡിസംബര്‍ ഒന്ന് മുതല്‍ പഴയതുപോലെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനും തീരുമാനമായി. ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജിലും തെക്കില്‍ ചട്ടഞ്ചാല്‍ കൊവിഡ് ആശുപത്രിയിലും അതീവ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് ബാധിതർക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഉടന്‍ സജ്ജമാകുമെന്ന് ഡിഎംഒ വ്യക്തമാക്കി.